തെരുവുനായ്​ ശല്യത്തിൽ ഹൈകോടതി; പൗരന്മാരെ സംരക്ഷിക്കാൻ സർക്കാറിന്​ ബാധ്യത

കൊച്ചി: തെരുവുനായ്ക്കളുടെ ഉപദ്രവത്തിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് ഹൈകോടതി. തെരുവുനായ്ക്കളിലെ അപകടകാരികളെ കണ്ടെത്തി പൊതുസ്ഥലത്തുനിന്ന് നീക്കംചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം. ജനങ്ങളുടെ ഭാഗത്തുനിന്ന് തെരുവുനായ് ശല്യത്തിനെതിരെ അനാവശ്യ നടപടികളുണ്ടാകരുതെന്നും ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി മുഖേന സർക്കുലർ ഇറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.മനുഷ്യാവകാശങ്ങൾക്കൊപ്പം മൃഗക്ഷേമവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

തെരുവുനായ് ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഡിവിഷൻബെഞ്ച് വിഷയം പരിഗണിച്ചത്. തെരുവുനായ് ശല്യത്തിനെതിരെ സർക്കാറെടുത്ത തീരുമാനങ്ങൾ വെള്ളിയാഴ്ചക്ക് മുമ്പ് സമർപ്പിക്കാൻ അഡീ. അഡ്വ. ജനറലിനോട് കോടതി നിർദേശിച്ചു. കോടതി നിർദേശിച്ച സർക്കുലറും ഇതോടൊപ്പം ഹാജരാക്കണം. തുടർന്ന് ഹരജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ തെരുവുനായെ അടിച്ചുകൊന്ന് കടലിലെറിഞ്ഞ സംഭവത്തെ തുടർന്ന് ഹൈകോടതി കഴിഞ്ഞവർഷം സ്വമേധയാ എടുത്ത ഹരജിയാണ് ബുധനാഴ്ച പരിഗണിച്ചത്. നായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതിയായ എ.ബി.സി ഫലപ്രപദമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ നേരത്തേ ഉത്തരവിട്ടിരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു.

തെരുവുനായ്ക്കളെ അനധികൃതമായി കൂട്ടക്കൊല ചെയ്യുന്ന സംഭവങ്ങളുണ്ടാകുന്നതായി അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇത് ആവർത്തിക്കാതിരിക്കാൻ സർക്കുലർ പുറപ്പെടുവിക്കണമെന്ന് കോടതി നിർദേശിച്ചത്.

Tags:    
News Summary - High Court on street dog; The government has an obligation to protect its citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.