കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനും ഒരാളെ കാണാതാകാനും ഇടയാക്കിയ ആമ്പര്‍ എല്‍ എന്ന പനാമ കപ്പലിെൻറ വോയേജ് ഡേറ്റ റെക്കോർഡറടക്കം രേഖകൾ പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്. അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി കുളച്ചൽ സ്വദേശി ആൻറണിയുടെ ഭാര്യ സുജാത, പരിക്കേറ്റ ഏണസ്റ്റ് എന്നിവർ നൽകിയ ഹരജിയിലാണ് ഷിപ്പിങ് ഡയറക്ടർ ജനറലിന് കോടതി നിർദേശം നൽകിയത്.
സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാറിനും ഷിപ്പിങ് ഡയറക്ടർ ജനറലിനും നിർദേശം നൽകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഫലപ്രദമായ അന്വേഷണത്തിന് വോയേജ് ഡേറ്റ റെക്കോർഡർ അടക്കമുള്ള ഇലക്ട്രോണിക്സ് രേഖകൾ പിടിച്ചെടുക്കണമെന്നും ഇവ നശിപ്പിക്കാൻ ഇടയുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
അപകടമുണ്ടായ ജൂൺ 11ലെ യാത്ര വിവരങ്ങൾ രേഖപ്പെടുത്തിയ ഒഫിഷ്യൽ ലോഗ് ബുക്ക്, നൈറ്റ് ഓഡർ ബുക്ക്, ബെൽ ബുക്ക്, ജി.പി.എസ് ചാർട്ട്, ജി.പി.എസ് ലോഗ് ബുക്ക്, നാവിഗേഷൻ ചാർട്ട് തുടങ്ങിയവ എത്രയും വേഗം പിടിച്ചെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പിടിച്ചെടുക്കാൻ വൈകുന്തോറും ഇവ നശിപ്പിക്കപ്പെടാനും തെളിവുകൾ ഇല്ലാതാകാനുമുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി അഴിമുഖത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് കപ്പലിടിച്ച് കാർമൽ മാത എന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്.
ആൻറണി ജോണിനെ കൂടാതെ അസം സ്വദേശി രാഹുല്‍ ദാസും ദുരന്തത്തിൽ മരിച്ചു. അസം സ്വദേശി മോത്തി ദാസിനെ കാണാതായിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.