കൊച്ചി: ബലാത്സംഗക്കേസിൽ ഹൈകോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിനെത്തുടർന്ന് നടൻ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാൻ വ്യാപക തിരച്ചിലുമായി പൊലീസ്. കോടതിവിധിക്ക് പിന്നാലെ ഫോൺ ഓഫ് ചെയ്ത് നടൻ ഒളിവിൽ പോയി. രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിമാനമാർഗം രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചാൽ തടഞ്ഞുവെക്കാനാണ് നിർദേശം.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഹൈകോടതി സിദ്ദീഖിന്റെ ജാമ്യ ഹരജി തള്ളിയത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) യോഗം ചേർന്ന് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകി. സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള നടന്റെ നീക്കം മുന്നിൽക്കണ്ടാണ് ഉടൻ അറസ്റ്റിന് ഉത്തരവിട്ടത്. കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തുനിന്ന് അന്വേഷണസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെ വീട്, ആലുവ കുട്ടമശ്ശേരിയിലെ വീട് എന്നിവിടങ്ങളിൽ പൊലീസ് എത്തിയെങ്കിലും ഇവിടങ്ങളിലൊന്നും നടനുണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
2018ൽ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടി ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ആ ഘട്ടത്തിലൊന്നും ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ തനിക്കെതിരെയുള്ള ആരോപണം ബലപ്പെടുത്താനാണ് യുവതി ബലാത്സംഗക്കുറ്റം ആരോപിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്‍റെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈകോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ വൈകാതെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, തിരുവനന്തപുരത്ത് കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തിയിരുന്നു. ഹോട്ടൽ രജിസ്റ്റർ, ഫോൺ കോളുകൾ എന്നിവയെല്ലാം പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകൾ എസ്.ഐ.ടി കോടതിയിൽ ഹാജരാക്കി. സാഹചര്യത്തെളിവുകൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല എന്ന നിലപാട് ഹൈകോടതി സ്വീകരിക്കുകയായിരുന്നു.
യുവനടിയുടെ ലൈഗികാരോപണത്തിനു പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. 2012ൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടലിലേക്ക് വിളിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ഇവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു. ഹോട്ടൽ രേഖകൾ ഉൾപ്പടെയുള്ള തെളിവുകളും യുവതി പുറത്തുവിട്ടു. സിനിമയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.