കൊച്ചി: സ്‌കൂളുകളിലും കോളജുകളിലും ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണമെന്ന് ഹൈകോടതി. പാഠ്യപദ്ധതിയിൽ ഇതു ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ ആവശ്യമെങ്കിൽ കമ്മിറ്റിക്ക് രൂപം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. സഹോദരനിൽനിന്ന് ഗർഭിണിയായ പതിനഞ്ചുകാരിയുടെ എട്ടുമാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ പിതാവ് നൽകിയ ഹരജിയിൽ നേരത്തേ കോടതി അനുമതി നൽകിയിരുന്നു. ഗർഭച്ഛിദ്ര നടപടികൾ പൂർത്തിയാക്കി അധികൃതർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഹരജി തീർപ്പാക്കി ഉത്തരവിട്ടത്. ഇതിന്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് നൽകാനും നിർദേശിച്ചിട്ടുണ്ട്.
മേയ് 22നാണ് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയത്. ഇതനുസരിച്ചു നടപടികൾ പൂർത്തിയാക്കിയെന്നും കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകളുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയുള്ള ഹരജിയിൽ കണ്ണീരോടു കൂടിയേ ഒരച്ഛനു ഒപ്പിടാനാവൂയെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.
ഹരജിക്കാരനെയും ഭാര്യയെയും ഈ സംഭവം എക്കാലവും അലട്ടും. പെൺകുട്ടിയുടെ ദുരവസ്ഥയും ചിന്തിക്കാവുന്നതിന് അപ്പുറമാണ്. ഈ മാനസിക ആഘാതത്തിൽനിന്ന് ആ കുടുംബത്തെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. സമൂഹമൊന്നാകെ ഈ ദുരന്തത്തിന് ഉത്തരവാദികളാണ്. ലൈംഗിക അറിവില്ലായ്‌മയാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണം. ഇന്റർനെറ്റിലും ഗൂഗിളിനും മുന്നിലിരിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മാർഗനിർദേശം നൽകാൻ ഒരു സംവിധാനവുമില്ല. ഈ വസ്തുതകൾ കണക്കിലെടുത്താണ് ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറയുന്നതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.