കൊച്ചി: വി.എച്ച്.എസ്.സി പരീക്ഷ പാസായിട്ടില്ലെന്ന കാരണംകാട്ടി തടഞ്ഞുവെച്ച ബിരുദ സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം നൽകണമെന്ന് ഹൈകോടതി. ബി.എ പാസായി 13 വർഷം കഴിഞ്ഞ് സർട്ടിഫിക്കറ്റിന് യുവതി നൽകിയ അപേക്ഷ ഡിഗ്രി പ്രവേശനത്തിന് യോഗ്യതയുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് കാലിക്കറ്റ് സർവകലാശാല നിരസിച്ചതിനെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഉത്തരവ്.
2003ൽ വൊക്കേഷനൽ ഹയർ സെക്കൻഡറി കോഴ്‌സ് പാസായ ഹരജിക്കാരി കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽനിന്ന് 2006ൽ ഇംഗ്ലീഷ് ബിരുദമെടുത്തു. പ്രൊവിഷനൽ സർട്ടിഫിക്കറ്റും വാങ്ങി. എന്നാൽ, പി.എസ്.സി പരീക്ഷ എഴുതാൻ ബിരുദ സർട്ടിഫിക്കറ്റിന് വേണ്ടി 2019ൽ സർവകലാശാലയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. 2020ൽ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് അഡ്വ. സലാഹുദ്ദീൻ കേച്ചേരി മുഖേന ഹൈകോടതിയെ സമീപിച്ചത്.
വി.എച്ച്.എസ്.ഇ കോഴ്‌സിലെ പാർട്ട് ഒന്നും രണ്ടും വിജയിച്ചെങ്കിലും പാർട്ട് മൂന്ന് ജയിച്ചിരുന്നില്ലെന്നും അതിനാൽ ബിരുദ പഠനത്തിന് യോഗ്യതയില്ലെന്നുമായിരുന്നു സർവകലാശാലയുടെ വാദം. ഹരജിക്കാരിക്ക് ഡിഗ്രി കോഴ്‌സിന് പ്രവേശനം നൽകിയപ്പോൾ യോഗ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരുന്നെന്ന് കോടതി പറഞ്ഞു. വിദ്യാർഥിനി 2006ൽ ബിരുദ പരീക്ഷ പാസായി. പിന്നെയും വർഷങ്ങൾ കഴിഞ്ഞ ശേഷം യോഗ്യതയുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റ് നിരസിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഈ വിധി കീഴ്‌വഴക്കമായി പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.