കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് ലൈസൻസോടെയാണോ എന്ന കാര്യത്തിൽ ഹൈകോടതി കൂടരഞ്ഞി പഞ്ചായത്തിന്റെ വിശദീകരണം തേടി. പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്. പാർക്ക് നടത്തിപ്പിന് മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്ന് അടച്ചുപൂട്ടിയ പി.വി.ആർ നേച്വർ ഒ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നൽകിയ കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജനാണ് വിവരാവകാശ രേഖ കോടതിയിൽ ഹാജരാക്കിയത്.
2018 ജൂൺ 18ന് ദുരന്ത നിവാരണ നിയമപ്രകാരം കോഴിക്കോട് കലക്ടറാണ് പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ, പാർക്ക് തുറന്നുനൽകാൻ 2023 ആഗസ്റ്റ് 21ന് ദുരന്തനിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം. ഹരജി വീണ്ടും ഫെബ്രുവരി ആറിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.