തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉയർന്ന താപനില രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് തിങ്കളാഴ്ച താപനില വർധനക്ക് സാധ്യത. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കൈയില്‍ കരുതണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. മദ്യം, കാപ്പി, ചായ എന്നിവ പകല്‍ ഒഴിവാക്കണം. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. വിദ്യാർഥികളുടെ പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലർത്തണം.
കുട്ടികളെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നുവരെ നേരിട്ട് ചൂടേല്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവരും ജാഗ്രത പാലിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കണം. പൊലീസുകാർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.