കൊച്ചി: കാമ്പസുകൾ രാഷ്ട്രീയ പ്രവർത്തനത്തിനുള്ളതല്ലെന്ന നിലപാട് ആവർത്തിച്ച് വീണ്ടും ഹൈകോടതി. കോളജുകൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് വാക്കാൽ വ്യക്തമാക്കി. പൊന്നാനി എം.ഇ.എസ് കോളജിന് പൊലീസ് സംരക്ഷണം അനുവദിച്ച ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജി വീണ്ടും പരിഗണിക്കുേമ്പാഴാണ് ഇടക്കാല ഉത്തരവിലെ പരാമർശങ്ങളിൽ കോടതി ഉറച്ചുനിന്നത്.
കലാലയങ്ങളും സ്കൂളുകളും പഠനത്തിനുള്ളതാണ്. ഒാരോന്നിനും അതിേൻറതായ സ്ഥലമുണ്ട്. സമരം നടത്തേണ്ടവർക്ക് മറൈൻ ഡ്രൈവും പാർക്കും പോലുള്ള സ്ഥലങ്ങളിലേക്ക് പോകാം. കാമ്പസുകളിൽ ഇത്തരം നടപടികൾ അനുവദിക്കാനാവില്ല. കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം തടഞ്ഞുള്ള ഉത്തരവ് ആദ്യമായിട്ടല്ല. അത്തരമൊരു പ്രചാരണം ശരിയല്ല. 2002 മുതൽ പല കേസുകളിലായി ഹൈകോടതി ഇക്കാര്യം തുടർച്ചയായി പറയുന്നതാണെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഹരജിക്കാരുടെ കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണു തിങ്കളാഴ്ചയും കോടതിയിൽ ഹാജരായി. ആദ്യ അഭിഭാഷകന് പകരം പുതിയ അഭിഭാഷകനാണ് എസ്.എഫ്.െഎക്ക് വേണ്ടി ഹാജരായത്. സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന അഭിഭാഷകെൻറ ആവശ്യം പരിഗണിച്ച കോടതി ഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പഠനവും രാഷ്ട്രീയവും ഒന്നിച്ച് വേണ്ടെന്നും സമരം ചെയ്യുന്നവരെ പ്രിൻസിപ്പലിനും കോളജ് അധികൃതർക്കും പുറത്താക്കാൻ അധികാരമുണ്ടെന്നുമാണ് ഹരജിയിൽ കഴിഞ്ഞദിവസം ഡിവിഷൻ ബെഞ്ച് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.