കൊച്ചി: ഒന്നുമുതൽ അഞ്ചുവരെയോ ആറുമുതൽ എട്ടുവരെയോ ഒരു സ്കൂളിൽതന്നെ പഠന സൗകര്യമൊരുക്കണമെന്ന് ചട്ടമില്ലെന്ന് ഹൈകോടതി.
ഏറ്റവുമടുത്ത ദൂരത്തിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യമൊരുക്കാനാണ് സർക്കാറിന് ബാധ്യതയുള്ളതെന്നും ഒരു സ്കൂളിൽതന്നെ ഇത് സാധ്യമാകണമെന്ന് വിദ്യാഭ്യാസാവകാശ നിയമത്തിലോ ചട്ടത്തിലോ പറയുന്നില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എൽ.പി സ്കൂളുകളിൽ അഞ്ചാം ക്ലാസും യു.പി സ്കൂളുകളിൽ എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം സ്കൂൾ മാനേജർമാരടക്കം സമർപ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസാവകാശ നിയമ പ്രകാരമുള്ള പുനഃക്രമീകരണം എൽ.പി, യു.പി സ്കൂളുകളിൽ സംസ്ഥാന സർക്കാർ നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു ഹരജികൾ. ഇത്തരം പുനഃക്രമീകരണത്തിന് വലിയ തുകയും അധ്യാപക നിയമനവും വേണ്ടിവരുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ ആവശ്യകത പരിഗണിച്ചാണ് ഒരു പ്രദേശത്ത് സ്കൂൾ അനുവദിക്കലും അപ്ഗ്രേഡ് ചെയ്യലും നടക്കുന്നത്. വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. തുടർന്നാണ് ആവശ്യം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജികൾ തീർപ്പാക്കിയത്. ചില സ്കൂളുകൾക്ക് അഞ്ചാം ക്ലാസും എട്ടാം ക്ലാസും അനുവദിച്ചുള്ള ഇടക്കാല ഉത്തരവുകൾ 2017-18 അധ്യയനവർഷം മാത്രം ബാധകമാകുന്നതാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.