കൊച്ചി: സി.ബി.എസ്.ഇ അഫിലിയേഷനില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ അഫിലിയേറ്റഡ് സ്കൂളുകളിൽ പരീക്ഷയെഴുതിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഹൈകോടതി. അഫിലിയേഷനില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാറും അഫിലിയേഷനുള്ള സ്കൂളിലാണ് കുട്ടി പഠിക്കുന്നതെന്ന് രക്ഷിതാക്കളും ഉറപ്പുവരുത്തണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സി.ബി.എസ്.ഇ അംഗീകാരമില്ലാത്തതിനാൽ പരീക്ഷയെഴുതാൻ അനുമതി നിഷേധിച്ച കൊച്ചി മൂലങ്കുഴി അരൂജാസ്, പള്ളുരുത്തി അൽ അസ്ഹർ സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാർഥികൾ നൽകിയ അപ്പീൽ ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
ഇരു സ്കൂളുകൾക്കും അഫിലിയേഷനുണ്ടായിരുന്നില്ല. ഇൗ സ്കൂളുകളിലെ കുട്ടികളെ മുൻ വർഷങ്ങളിൽ അഫിലിയേഷനുള്ള മറ്റൊരു സ്കൂളിൽ രജിസ്റ്റർ ചെയ്താണ് പരീക്ഷ എഴുതിച്ചിരുന്നത്. എന്നാൽ, ഇത്തവണ കുട്ടികളെ പരീക്ഷക്കിരുത്താൻ അവർ തയാറായില്ല. തുടർന്നാണ് കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാനാകാതെ വന്നത്. വിദ്യാർഥികളും സ്കൂൾ മാനേജ്മെൻറുകളും ഹൈകോടതിയെ സമീപിച്ചപ്പോഴേക്കും രണ്ടു പരീക്ഷ കഴിഞ്ഞു. ബാക്കി പരീക്ഷ എഴുതാൻ കുട്ടികൾക്ക് അവസരം നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവ് നൽകി.
ഇവർ എഴുതാതെ പോയ പരീക്ഷകൾ ഡൽഹി മേഖലയിലെ കുട്ടികളുടെ പരീക്ഷക്കൊപ്പം നടത്താനും നിർദേശിച്ചു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഇൗ പരീക്ഷകൾ നടന്നില്ല. മൂല്യനിർണയത്തിൽ മാറ്റം വരുത്തി സി.ബി.എസ്.ഇ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സി.ബി.എസ്.ഇയുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി മറ്റൊരു ഉത്തരവിെൻറ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.