കൊച്ചി: പി.എസ്.സി പരീക്ഷക്ക് ‘സ്ത്രീ’ എന്ന കോളം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാൻ ട്രാൻസ്ജെൻഡറായ ഹരജിക്കാരിക്ക് ഹൈകോടതിയുടെ അനുമതി. ട്രാൻസ്ജെൻഡറുകൾക്കായി പി.എസ്.സി അപേക്ഷാഫോമിൽ പ്രത്യേക കോളം ചേർക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച എറണാകുളം ഇടപ്പള്ളി സ്വദേശി അനുബോസിനാണ് ഇടക്കാല ഉത്തരവിലൂടെ ഇൗ അനുമതി നൽകിയത്. പൊതു ആവശ്യമുന്നയിക്കുന്ന ഹരജി വിശദ വാദത്തിനായി മാറ്റി.
ബിരുദാനന്തര ബിരുദമുള്ള തനിക്ക് ട്രാൻസ്ജെൻഡറായതുകൊണ്ട് പി.എസ്.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. പുരുഷൻ, സ്ത്രീ എന്നീ കോളം മാത്രമാണ് അപേക്ഷാ ഫോമിലുള്ളത്. ട്രാന്‍സ്ജെന്‍ഡറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തിൽ ഒരു തരത്തിലുള്ള വിവേചനവും ട്രാന്സ്ജെന്ഡറുകള് നേരിടരുതെന്നാണ് പറയുന്നതെങ്കിലും പി.എസ്.സി പോലും വിവേചനം കാട്ടുകയാണെന്നായിരുന്നു ആക്ഷേപം.
പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കപ്പെടരുതെന്ന് വിലയിരുത്തിയ കോടതി അപേക്ഷ ഫോമിലെ രണ്ട് കോളത്തിൽ ഇഷ്ടമുള്ളത് പൂരിപ്പിക്കാൻ അനുബോസിന് അനുമതി നൽകി. സ്ത്രീ എന്ന കോളം പൂരിപ്പിക്കാനാണ് താൽപര്യമെന്ന് വ്യക്തമാക്കിയതോടെ അതിന് അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.