കൊച്ചി: എം.ജി സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഒാഫിസർ എന്നിവെര ഹൈകോടതി വിളിച്ചു വരുത്തി ശാസിച്ചു. ഉച്ചക്കുശേഷം കോടതി ആരംഭിച്ചപ്പോൾ മുതൽ ൈവകുന്നേരം കോടതി പിരിയുംവരെ രണ്ടര മണിക്കൂറോളം വി.സി ഡോ. ബാബു സെബാസ്റ്റ്യൻ, രജിസ്ട്രാർ എം.ആർ. ഉണ്ണി, ഫിനാൻസ് ഒാഫിസർ എബ്രഹാം പുതുമന എന്നിവരെ കോടതി മുറിയിൽ നിർത്തി. സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കേന്ദ്രങ്ങളിലെ കരാർ അധ്യാപകർക്ക് സ്ഥിരനിയമനം ലഭിച്ചവരുടേതിന് തുല്യമായ വേതനവും ആനുകൂല്യവും നൽകണമെന്ന ഹൈകോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഒരു കൂട്ടം അധ്യാപകർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ചിെൻറ നടപടി. കോടതി ഉത്തരവ് പ്രകാരം കുടിശ്ശികയടക്കം അധ്യാപകർക്ക് നൽകിയശേഷം രേഖകളുമായി സെപ്റ്റംബർ 20ന് ഹാജരാകാൻ മൂവർക്കും കോടതി നിർദേശം നൽകി.
സ്ഥിരം നിയമനം ലഭിച്ചവരുടെ ശമ്പളത്തിനും ആനുകൂല്യത്തിനും അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ നൽകിയ ഹരജി സിംഗിൾബെഞ്ച് അനുവദിക്കുകയും ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും ചെയ്തിരുന്നു. പിന്നീട് സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജൂലായ് മൂന്നിന് അപ്പീൽ തള്ളി. എന്നിട്ടും ഉത്തരവ് നടപ്പാക്കാതെ വന്നതോടെയാണ് അധ്യാപകർ കോടതിയലക്ഷ്യ ഹരജി നൽകിയത്.
ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സർവകലാശാല വി.സി രജിസ്ട്രാർ, ഫിനാൻസ് ഒാഫിസർ എന്നിവർ ആഗസ്റ്റ് 29 ന് രാവിലെ 10.15 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് 21ന് ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, രാവിലെ എത്താതിരുന്ന മൂവരും ഉച്ചക്ക് 1.45ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. തുടർന്നാണ് ഉച്ചക്ക് മൂവരും കോടതിയിലെത്തിയത്. കോടതി ഉത്തരവ് പാലിക്കാതിരുന്നത് മാത്രമല്ല, നിർദേശിച്ച സമയത്ത് എത്താതിരുന്നതും കടുത്ത ധിക്കാരമാണെന്ന് കോടതി കടുത്ത ഭാഷയിൽ പറഞ്ഞു. തുടർന്നാണ് വൈകുന്നേരം കോടതി പിരിയും വരെ കോടതി മുറിയിൽ നിൽക്കാൻ മൂന്നുപേരോടും നിർദേശിച്ചത്.
നാലേകാലോടെ കേസ് വീണ്ടും പരിഗണനക്കെടുത്തപ്പോൾ ഇവർക്ക് വേണ്ടി അഭിഭാഷകൻ നിരുപാധികം മാപ്പപേക്ഷിച്ചു. എന്നാൽ, ഉദ്യോഗസ്ഥരെ കോടതി വീണ്ടും വിമർശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ളവരാണ് നിങ്ങൾ. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഹൈകോടതി ഉത്തരവിന് സ്റ്റേ ഉണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാമായിരുന്നു. ഏഴു മാസത്തിനുശേഷം അപ്പീൽ തള്ളി. എന്നിട്ടും നടപ്പാക്കിയിട്ടില്ല. ഇംഗ്ലീഷിലുള്ള വിധിന്യായം വായിച്ചിട്ട് മനസ്സിലാകാഞ്ഞിട്ടാണോ ഇത്. രാവിലെ ഹാജരാകണമെന്ന നിർദേശം പാലിക്കാതെ കോടതിയെ അപമാനിക്കുകയാണ് െചയ്തത്. വാറൻറ് പുറപ്പെടുവിക്കുമെന്ന ഭീഷണിയുള്ളത് കൊണ്ടാണ് ഹാജരായതെന്നും കോടതി പറഞ്ഞു.
പതിനായിരത്തോളം കുട്ടികൾ പെങ്കടുക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാൻ വൈകിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നൽകാതിരുന്നതെന്ത് കൊണ്ടെന്ന് കോടതി ആരാഞ്ഞു. നേരേത്ത സർവകലാശാല നേരിട്ട് നടത്തിയ കേന്ദ്രങ്ങൾ ഇപ്പോൾ അങ്ങനെയല്ല പ്രവർത്തിക്കുന്നതെന്ന് വി.സിയും രജിസ്ട്രാറും കോടതിയെ അറിയിച്ചു.
എന്നാൽ, കോടതി ഉത്തരവ് വന്നശേഷം ഇൗ കേന്ദ്രങ്ങളെ സൊസൈറ്റിക്ക് കീഴിലാക്കി സർവകലാശാല കോടതി ഉത്തരവ് മറികടക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. വീണ്ടും നിരുപാധികം ക്ഷമ ചോദിച്ച മൂവരോടും ഉത്തരവ് എപ്പോൾ നടപ്പാക്കാനാവുമെന്ന് കോടതി ചോദിച്ചു. ഉടൻ നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് സെപ്റ്റംബർ 20ന് മുമ്പ് നൽകാനുള്ള തുക മുഴുവൻ വിതരണം ചെയ്തശേഷം അന്നേ ദിവസം ഹാജരാകാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.