തിരുവനന്തപുരം: കോവിഡ് സെല്ലിൽനിന്ന് റഫർ ചെയ്ത രോഗിയിൽനിന്ന് നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയ സ്വകാര്യാശുപത്രി അധികൃതരിൽനിന്ന്, അധികമായി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് പിഴയീടാക്കാൻ തീരുമാനിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമ നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കാൻ സ്വകാര്യാശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ല കലക്ടറേറ്റിൽനിന്ന് റഫർ ചെയ്യുന്ന രോഗിയിൽനിന്ന് എംപാനൽഡ് ആശുപത്രികൾ ചികിത്സാ ചെലവ് ഈടാക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ആറ് ദിവസത്തെ ചികിത്സക്ക് പോത്തൻകോട് ശുശ്രുത ആശുപത്രി 142708 രൂപ ഈടാക്കി. വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബി.എച്ച്. ആനന്ദിന്റെ പിതാവ് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതൽ ആറ് ദിവസം ചികിത്സിച്ചത്.
ആനന്ദാണ് കമീഷനിൽ പരാതി നൽകിയത്. 1,42,708 രൂപയിൽ 58,695 രൂപ ഇൻഷുറൻസിൽനിന്ന് ഈടാക്കി. 84,013 രൂപ രോഗിയിൽനിന്ന് ഈടാക്കി. ആശുപത്രിയെ എംപാനൽ ചെയ്യാൻ മേയ് 14 നാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനൽ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എംപാനൽ ചെയ്ത് കിട്ടുന്നതിന് മുമ്പ് സർക്കാർ നിർദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നൽകാനാകില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പി.പി.ഇ കിറ്റിന് 20675 രൂപയും എൻ 95 മാസ്കിന് 1950 രൂപയും ഈടാക്കിയിരുന്നു. ഇത് സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.