നരബലി: ഓരോരുത്തരും അപമാനഭാരത്താൽ തല കുനിക്കേണ്ട സംഭവം -വി.ഡി സതീശൻ

മലപ്പുറം: ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയ വാർത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവോത്ഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഊറ്റം കൊള്ളുന്ന കേരളത്തിൽ നിന്നാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തല കുനിക്കേണ്ട സംഭവങ്ങളാണ് പുറത്തുവരുന്നത്. കൊലയാളികളിൽ ഒരാൾ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാർട്ടിയുടെ സജീവപ്രവർത്തകനാണ് എന്നതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണം. ആഭിചാരത്തിന്റെ പേരിൽ കൂടുതൽ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആഭിചാരക്രിയയുടെ പേരിൽ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ദുർമന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാർത്ത ഉത്തരേന്ത്യയിൽ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയിൽ നിൽക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ നിന്നു തന്നെയാണ്. കേട്ടുകേൾവി മാത്രമായ കുറ്റകൃത്യങ്ങൾ നമ്മുടെ കൺമുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മൾ ഓരോരുത്തരും അപമാനഭാരത്താൽ തലകുനിക്കേണ്ട സംഭവങ്ങളാണ് പുറത്തുവരുന്നത്.

ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂൺ ആറ് മുതൽ കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആഗസ്റ്റ് 17ന് കാലടി പൊലീസിൽ പരാതിയെത്തി. സെപ്റ്റംബർ 26ന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിങ് കേസിനെ തുടർന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയിൽ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നെങ്കിൽ മറ്റൊരു ജീവൻ രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരിൽ കൂടുതൽ കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ട്.

Tags:    
News Summary - Human Sacrifice: An event where everyone should bow their heads in shame -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.