സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾക്ക് കോവിഡ്; യോഗസ്ഥലം അടച്ചുപൂട്ടണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് പരാതിയുമായി കോൺഗ്രസ് രംഗത്ത്. കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ്, ജില്ലാ കമ്മിറ്റിയംഗം ഇ.ജി. മോഹനൻ, നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ​

മോഹനൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് സി.പി.എം നേതൃത്വം അറിയിച്ചു. ഐ.ബി. സതീഷ് ജില്ലാ സമ്മേളനത്തിൽ വെള്ളിയാഴ്ച മുഴുവൻ സമയം പങ്കെടുത്തിരുന്നു. ചെറിയ തോതിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കെ.കെ. ഷിബു ആദ്യ ദിവസം സമ്മേളനത്തിൽ പ​ങ്കെടുത്തിരുന്നു.

അതിനിടെ, സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടി എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡന്റ് എം. മുനീർ കലക്ടർക്ക് പരാതി നൽകി. കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു. വിവാഹ/ മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. എല്ലാ പൊതു ചടങ്ങുകളും സാമൂഹിക ഒത്തുചേരലുകളും സംഘാടകർ ഉടനടി റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്ന് കലക്ടർ നിർദേശിച്ചു​.

ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. 

Tags:    
News Summary - IB Satheesh MLA tests covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.