കൊച്ചി: സംസ്കാരവും സത്യസന്ധതയും ഉത്തരവാദിത്തവുമുള്ള ആധുനിക പൊലീസിനെയാണ് വേണ്ടതെന്നും പൊലീസുകാർ തെറ്റു ചെയ്യുമ്പോൾ സർക്കാർ സംരക്ഷിക്കില്ലെന്ന് വന്നാൽ ഇവർ നേരെയാകുമെന്നും ഹൈകോടതി. ഡൽഹി സ്വദേശിനിയുടെ പെൺമക്കളെ കാണാതായ സംഭവത്തിൽ ഇവരുടെ ആൺമക്കളെ പീഡനക്കേസിൽ കുടുക്കാതിരിക്കാൻ പൊലീസ് അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. വിജിലൻസ് ഡയറക്ടറെ കക്ഷിചേർത്ത സിംഗിൾബെഞ്ച്, പൊലീസുകാർ പണം വാങ്ങിയ സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഫെബ്രുവരി 11നകം റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണം.
കൊച്ചിയിൽ ചെരിപ്പ് വ്യാപാരം നടത്തുന്ന ഡൽഹി സ്വദേശിനിയുടെ രണ്ടു പെൺമക്കളെ കാണാതായെന്ന പരാതിയിൽ ഇവരെ ഡൽഹിയിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡൽഹി സ്വദേശിയെ അറസ്റ്റും ചെയ്തു. ഇതിനുള്ള യാത്രാച്ചെലവും മറ്റും പരാതിക്കാരിൽനിന്ന് പൊലീസ് ഈടാക്കി. തന്നെ സഹോദരന്മാർ പീഡിപ്പിച്ചെന്ന മൂത്ത പെൺകുട്ടിയുടെ മൊഴിയിൽ അവരെയും അറസ്റ്റ് ചെയ്തിരുന്നു. അവരെ പീഡനക്കേസിൽനിന്ന് രക്ഷിക്കാനാണ് പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടത്.
സംഭവം വാർത്തയായതോടെ ഹൈകോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരിൽനിന്ന് പൊലീസുകാർ 17,000 രൂപ ചെലവിനത്തിൽ വാങ്ങിയെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ കുറ്റക്കാർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടി സാധ്യമാണെന്ന് കേസിൽ അമിക്കസ് ക്യൂറിയായി നിയോഗിച്ച അഡ്വ. എസ്. രാജീവ് വ്യക്തമാക്കി. തുടർന്നാണ് വിജിലൻസ് ഡയറക്ടറെ കക്ഷിചേർത്ത് റിപ്പോർട്ട് തേടിയത്. അഞ്ചു ലക്ഷം കൈക്കൂലി ചോദിച്ചെന്ന അമ്മയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളില്ലെന്ന് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ, ഇത്തരം സംഭവങ്ങളിൽ സി.സി.ടി.വി തെളിവുകൾ ഉണ്ടാവുമോയെന്ന് ചോദിച്ച സിംഗിൾ ബെഞ്ച്, പരാതിക്കാരിയെ അവിശ്വസിക്കണമെന്ന് എങ്ങനെ പറയാനാവുമെന്നും ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.