തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറും ആർ.എസ്.എസ് ദേശീയ നേതാവും കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്നാണ് സുനിൽകുമാർ പറഞ്ഞത്.
ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ എ.ഡി.ജി.പി അജിത്കുമാര്‍ അറിയിച്ചെന്നത് മാധ്യമവാർത്തയാണെന്നും വസ്തുത തനിക്ക് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എ.ഡി.ജി.പി സന്ദർശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണെങ്കിൽ ഇതിൽ ഒരു കക്ഷി ആർ.എസ്.എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. ഇതുതന്നെയാണ് ഞാനും പറഞ്ഞുകൊണ്ടിരുന്നത്. പൂരം കലക്കിയതിനു പിന്നിൽ ഒരു കക്ഷി ബി.ജെ.പിയോ അല്ലെങ്കിൽ ആർ.എസ്.എസോ ആണ്. പൂരം കലക്കുന്നത് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ അവര് തടയേണ്ടേ? പൂരം കലക്കിയാൽ വിജയിക്കുമെന്ന താൽപര്യം ആർ.എസ്.എസിന്റേതാണ്. തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്നം, പൂരം ആര് കലക്കിയെന്നതാണ്’ -സുനിൽകുമാർ കൂട്ടിച്ചേർത്തു.
വിഷയത്തിൽ അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കൂ. സർക്കാറിൽ പൂർണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെയാണ് സമ്മതിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്.
ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം. ദത്താത്രേയ ഹൊസബലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എ.ഡി.ജി.പി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.