തിരൂർ: റമദാനിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുസ്ലിംകൾക്കായി നോമ്പുതുറ സംഘടിപ്പിച്ച് വാണിയന്നൂർ ചാത്തങ്ങാട് വിഷ്ണു ക്ഷേത്രകമ്മിറ്റി. ക്ഷേത്രപരിസരത്ത് പന്തലൊരുക്കിയാണ് നോമ്പുതുറ നടത്തിയത്. അതിഥിയായി പാണക്കാട് റശീദലി ശിഹാബ് തങ്ങൾ സംബന്ധിച്ചു.
ചാത്തങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലായി പ്രതിഷ്ഠദിന മഹോത്സവവും മഹാസുദർശന ഹോമവും നടന്നിരുന്നു. ഈ ചടങ്ങിന്റെ ഭാഗമായുള്ള പ്രസാദ ഊട്ടിലേക്ക് ചുറ്റിലുമുള്ള മുസ്ലിം സഹോദരങ്ങളെയും ഭാരവാഹികൾ ക്ഷണിക്കാറുണ്ട്. എന്നാൽ, റമദാൻ മാസമായതിനാൽ ഉച്ചക്കുള്ള പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ ഇവർക്ക് ഇത്തവണ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്രത്യേക നോമ്പുതുറ ക്ഷേത്രത്തിൽ ഒരുക്കിയത്.
കഴിഞ്ഞ വർഷവും ക്ഷേത്രകമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ഇത്തവണ ആയിരത്തിലേറെ പേരാണ് നോമ്പുതുറയിൽ പങ്കെടുത്തത്. ചുറ്റമ്പലത്തിനോടു ചേർന്നാണ് ഇതിനുവേണ്ട പന്തലൊരുക്കിയത്. റശീദലി തങ്ങൾക്കൊപ്പം എ.എസ്.കെ. തങ്ങൾ, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, വാണിയന്നൂർ േറഞ്ച് സെക്രട്ടറി കെ.പി.എ. റസാഖ് ഫൈസി, വാണിയന്നൂർ മഹല്ല് പ്രസിഡന്റ് ഇളംകുളത്ത് മുഹമ്മദ്, സെക്രട്ടറി കെ.പി. സിദ്ദീഖ് ഹാളി, പറപ്പൂതടം മഹല്ല് ജോ. സെക്രട്ടറി സി.കെ. ഹിദായത്തുല്ല, എസ്.കെ.എസ്.എസ്.എഫ് തിരൂർ മേഖല പ്രസിഡന്റ് സലാം ഫൈസി എന്നിവർ നോമ്പുതുറയിൽ പങ്കാളികളായി.
ക്ഷേത്രകമ്മിറ്റി സെക്രട്ടറി കെ.കെ. ലക്ഷ്മണൻ, ഭാരവാഹികളായ തൊട്ടിപ്പറമ്പിൽ സുബ്രഹ്മണ്യൻ, പരിയാരയ്ക്കൽ അപ്പു, വൈലിപ്പാട്ട് സുകുമാരൻ, സുന്ദരൻ കോഞ്ചത്ത്, ചാത്തുണ്ണി ആച്ചാത്ത്, വേലായുധൻ വളവത്ത് എന്നിവർ നോമ്പുതുറക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.