കണ്ണൂർ: എൽഎൽ.ബിക്ക് തോറ്റിട്ടും എൽഎൽ.എമ്മിന് പഠിക്കുന്ന അഞ്ച് വിദ്യാർഥികളുടെ പ്രവേശനം റദ്ദ് ചെയ്യാൻ കണ്ണൂർ സർവകലാശാല ൈവസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉത്തരവിട്ടു. കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലാണ് എസ്.എഫ്.െഎ, എ.ബി.വി.പി നേതാക്കൾ ഉൾപ്പെടെ അനധികൃതമായി പഠനം നടത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന്, താൽക്കാലിക പ്രവേശനം നേടിയ 16 പേരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിരുന്നു. ഇതിൽ അഞ്ചുപേർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പ്രവേശനം നൽകിയ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അധികൃതരെ ബുധനാഴ്ച ഉച്ചക്ക് വൈസ് ചാൻസലർ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. എൽഎൽ.എമ്മിെൻറ ക്ലാസുകൾ സാധാരണ ഏറെ വൈകിയാണ് ആരംഭിക്കുന്നത്. ഇതിന് പ്രധാന കാരണം ബി.എ.എൽഎൽ.ബി പരീക്ഷാഫലം വൈകുന്നുവെന്നതാണ്. ഇതൊഴിവാക്കാൻവേണ്ടി പരീക്ഷാഫലം കാത്തുനിൽക്കുന്ന ബി.എ.എൽഎൽ.ബി വിദ്യാർഥികളിൽനിന്നും 100 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം എഴുതിവാങ്ങി അഡ്മിഷൻ പൂർത്തീകരിക്കുകയും ക്ലാസ് ആരംഭിക്കുകയുമായിരുന്നു. യോഗ്യത പരീക്ഷ പാസായില്ലെങ്കിൽ തുടർന്ന് പഠിക്കാനാവില്ലെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നും അടച്ച ഫീസ് തിരിച്ചുകിട്ടാൻ അർഹതയില്ലെന്നതറിയാമെന്നും ആണ് സത്യവാങ്മൂലം.
പിന്നീട് ബി.എ.എൽഎൽ.ബി ഫലം വന്നപ്പോൾ, പ്രവേശനം നേടിയ ചിലർ പരാജയപ്പെട്ടു. എന്നാൽ, പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അധികൃതർ ഇവരെ പഠനം തുടരാൻ അനുവദിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ എസ്.എഫ്.െഎ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇവരുടെ സ്ഥാനാർഥിത്വം സംബന്ധിച്ചും അവസാന വോട്ടർപട്ടിക സംബന്ധിച്ചുമുള്ള പരാതികൾ സർവകലാശാലയുടെ ഗ്രിവൻസസ് റിഡ്രസൽ സെൽ പരിശോധിക്കാനും വൈസ് ചാൻസലർ ഉത്തരവിട്ടു.
പരീക്ഷയിൽ പരാജയപ്പെട്ടവരെ ഇേൻറണൽ മാർക്ക് നൽകി വിജയിപ്പിക്കുന്നതിനുള്ള നീക്കവുമുണ്ടായിരുന്നു. എന്നാൽ, വിദ്യാർഥി സംഘടനകളും ബി.എ.എൽഎൽ.ബിക്ക് ഇേൻറണൽ പരീക്ഷകൾ ഇംപ്രൂവ് ചെയ്യാൻ ഒരു തവണ മാത്രം മേഴ്സി ചാൻസ് നൽകണമെന്ന് തീരുമാനിച്ചിരുന്നുവെന്നും ഇതാണ് മാർക്ക് ദാനം ചെയ്ത് ജയിപ്പിക്കാൻ തീരുമാനിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടതെന്നും സർവകലാശാല അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.