മരം മുറി: റവന്യൂവകുപ്പിൽ നടക്കുന്നത്​ മുൻ മന്ത്രിയെ രക്ഷിക്കാൻ പരിശ്രമം; കോൺഗ്രസ്​ ബന്ധമുള്ള ജീവനക്കാരെ നീക്കുന്നത്​ തുടരും

കൊച്ചി: മരം മുറി കേസിൽ റവന്യൂവകുപ്പിൽ നടക്കുന്നത് മുൻ മന്ത്രിയെ രക്ഷിക്കാനുള്ള പരിശ്രമം. കൂടാതെ, കോൺഗ്രസ് ബന്ധമുള്ള സർവിസ് സംഘടനയിലെ അംഗങ്ങളെ തുടച്ചു നീക്കി റവന്യൂവകുപ്പ് ശുദ്ധീകരിക്കുന്നതിന് മന്ത്രി കെ. രാജൻ പച്ചക്കൊടികാട്ടിയതായും സൂചനയുണ്ട്​.

നിയമ സെക്രട്ടറി ജനുവരി 20ന് റവന്യൂ വകുപ്പിന് നൽകിയ നിയമോപദേശത്തോടെ പ്രതികൂട്ടിലായത് മുൻമന്ത്രി ഇ. ചന്ദ്രശേഖരനാണ്. കടുത്ത നിയമലംഘനം നടത്തിയത് ഇ. ചന്ദ്രശേഖരനാണെന്ന് അടിവരയിട്ട് ചൂണ്ടിക്കാണിക്കുകയാണ് നിയമ സെക്രട്ടറി പി.കെ. അരവിന്ദ് ബാബു നൽകിയ നിയമോപദേശം. 

1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരം മുറിക്കാൻ ഉത്തരവ് ഇറക്കുന്നതിനെതിരെ റവന്യൂ ജോയിൻറ് സെക്രട്ടറിയുടെ കുറിപ്പിലും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അത് മാറ്റിവെച്ചാണ് ഇ. ചന്ദ്രശേഖരൻ കേരളം കണ്ട ഏറ്റവും വലിയ മരംകൊള്ളക്ക് വഴിവെച്ച ഉത്തരവിറക്കാൻ രണ്ടര പേജുള്ള കത്ത് നൽകിയത്. അതിൽ 2017 ലെ ചട്ടഭേദഗതി,1986ലെ കേരള പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട്, 2020 മാർച്ച് 11ലെ റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിൻെറ പരിപത്രം എന്നിവ ചൂണ്ടിക്കാണിച്ചാണ് മരംമുറിക്ക് ഉത്തരവിറക്കാൻ ചന്ദ്രശേഖരൻ നിർദേശം നൽകിയത്.

എന്നാൽ, നിയമസെക്രട്ടറി ഈ കത്ത് നിയമവിരുദ്ധമായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഈട്ടി, തേക്ക്, ചന്ദനം, എബണി തുടങ്ങിയ ഷെഡ്യൂൾഡ് മരങ്ങളുടെ അവകാശം സർക്കാരിനാണെന്നും അതിൻറെ പരിപാലന ചുമതല മാത്രമേ പട്ടയം ഉടമകൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ളുവെന്നും 2017ലെ ഭേദഗതിയിൽ ഇവ ഉൾപ്പെട്ടിട്ടില്ല എന്നും നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടി. അത് ചന്ദ്രശേഖരൻെറ നിർദേശത്തിന് കനത്ത തിരിച്ചടിയായി. പതിച്ചു നൽകുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള നിബന്ധനകൾ 1964-ലെ ഭൂപതിവ് ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ വ്യവസ്ഥകൾക്ക് വിരുദ്ധമായി പുറപ്പെടുവിച്ച സർക്കലറും ഉത്തരവും നിയമപരമായി നിലനിൽക്കില്ല. അക്കാരണത്താൽ അത് രണ്ടും റദ്ദ് ചെയ്യണമെന്നുമാണ് അരവിന്ദ ബാബുവിൻെറ നിയമോപദേശം.

2005ലെ വനേതരപ്രദേശങ്ങളിൽ വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമത്തിൽ 'സ്പെസിഫീഡ് മരങ്ങൾ' എന്ന നിർവചനവും 1986 ലെ പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് ലെ 'മരങ്ങളുടെ' നിർവചനവും അവയുടെ ഉദ്ദേശ്യ ലക്ഷ്യവും വ്യത്യസ്തമാണെന്നും സൂചിപ്പിച്ചു.

നിയമോപദേശത്തിൻെറ വെളിച്ചത്തിൽ ചന്ദ്രശേഖരൻ പ്രതിക്കൂട്ടിലാണ്. അദ്ദേഹത്തിന് പിന്നിൽനിന്ന് ഉത്തരവിറക്കുന്നതിന് സമ്മർദം ചെലുത്തിയ രാഷ്ട്രീയ നേതൃത്വം കളത്തിന് പുറത്താണെങ്കിലും അവർക്കും ഇതിന് മറുപടിയുണ്ടാവില്ല. ഈ യാഥാർഥ്യമെല്ലാം മറച്ച് വെക്കാനാണ് സംസ്ഥാന വിവരാവകാശ ഓഫിസർക്കുള്ള അധികാരത്തിന്മേൽ സർക്കാർ കൈവെച്ചത്.ഒപ്പം വിവരാവകാശനിയമത്തിന് മൂക്ക് കയറിട്ട് ഫയലുകൾ പരമാവധി രഹസ്യമാക്കാനും നീക്കമുണ്ട്. 


അതേസമയം, ചന്ദ്രശേഖരനെതിരെ ചോദ്യങ്ങൾ ഉയരുന്നത് തടയാനാണ്​ റവന്യൂ ഉദ്യോഗസ്ഥരെ ഇരു ചേരിയിലാക്കി (കോൺഗ്രസ് - സി.പി.എം) നടപടി തുടങ്ങിയത്. കോൺഗ്രസ് ബന്ധമുള്ള സർവിസ് സംഘടനയിലെ അംഗങ്ങളെ തുടച്ചു നീക്കി റവന്യൂവകുപ്പ് ശുദ്ധീകരിക്കുന്നതിന് മന്ത്രി കെ. രാജൻ പച്ചക്കൊടികാട്ടിയെന്നാണ് സൂചന. റവന്യൂ വകുപ്പിൽ നിന്ന് കൂടുതൽ ജീവനക്കാരെ വരും ദിവസങ്ങളിൽ മാറ്റിയേക്കും. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾക്ക് അനുകൂലമായി നിയമവും ചട്ടവും വ്യഖ്യാനിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥരെ കുടിയിരുത്താനാണ് സർക്കാർ നീക്കം.

Tags:    
News Summary - Illegal tree cut: Revenue Department attempts to save former minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.