തലശ്ശേരി: നഗരസഭയുടെ അനുമതിയില്ലാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച പരസ്യബോർഡുകൾ അഴിച്ചുമാറ്റിച്ച് 5000 രൂപ പിഴ ഈടാക്കി.
പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി തേടണമെന്നാണ് ചട്ടം.
ബോർഡുകളുടെ വിസ്തീർണവും മറ്റും വ്യക്തമാക്കി സ്കെച്ച് നൽകുന്നത് ഉൾപ്പെടെ നടപടിക്രമമുണ്ട്. എന്നാൽ, ഇതിന് വിപരീതമായി രമ എന്നവരുടെ ഉടമസ്ഥതയിൽ മഞ്ഞോടിക്ക് സമീപം പ്രവർത്തിക്കുന്ന ആയുർ ആയുർവേദിക് ബ്യൂട്ടി ക്ലിനിക് എന്ന സ്ഥാപനം മുൻകൂർ അനുമതി ഇല്ലാതെ നിരവധി ബോർഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്.പരസ്യ ബോർഡുകൾ സ്ഥാപനത്തിന്റെ ആൾക്കാരെക്കൊണ്ടുതന്നെ അഴിച്ചെടുപ്പിക്കുകയും 5000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
ഗതാഗത തടസ്സം സൃഷ്ടിക്കുക, പൊതുജനശല്യം, പൊതുസ്ഥലത്ത് ജനങ്ങൾക്ക് അപകടം വരുത്തുന്ന നടപടികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കുന്നത് സംബന്ധിച്ച മുനിസിപ്പൽ നിയമത്തിലെ (1999) വ്യവസ്ഥപ്രകാരമാണ് പിഴ. നഗരസഭ സെക്രട്ടറി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ റവന്യൂ ഇൻസ്പെക്ടർ ജീവാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ തുടങ്ങിയവരാണ് പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചത്.
തലശ്ശേരി: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾക്ക് തലശ്ശേരി വീനസ് കവലയിലെ സിറ്റി സെന്ററിനും സമീപത്തെ ചായക്കട എന്ന സ്ഥാപനത്തിനും 15,000 വീതം പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി നഗരസഭക്ക് നിർദേശം നൽകി. '
സ്ഥാപനത്തിലെ മലിനജലം കൊടുവള്ളി പുഴയോടുചേർന്നുള്ള തോടിലേക്ക് ഒഴുക്കിവിട്ടതിനാണ് സിറ്റി സെന്ററിന് പിഴ ചുമത്തിയത്.
സിറ്റി സെന്ററിന് മുമ്പിൽ പ്രവർത്തിക്കുന്ന ചായക്കട എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടിച്ചെടുത്തു.
പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകളും പ്ലേറ്റുകളും, പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക കാരി ബാഗ് എന്നിവയാണ് കണ്ടെടുത്തത്. ചായക്കടയുടെ പിറകിലായി ജൈവ - അജൈവ മാലിന്യങ്ങൾ നിരോധിത ഗാർബേജ് ബാഗിൽ കൂട്ടിയിട്ട നിലയിലായിരുന്നു. നിരോധിത വസ്തുകൾ സൂക്ഷിച്ചതിന് 10,000 രൂപയും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 5,000 രൂപയും ചേർത്ത് 15,000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ നഗരസഭക്ക് സ്ക്വാഡ് നിർദേശം നൽകി.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീഖുൽ അൻസാർ, തലശ്ശേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ദിനേശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.