ചൈനയെ പ്രകീര്‍ത്തിച്ചതല്ല, ലോകരാജ്യങ്ങളെ വിലയിരുത്തിയതാണെന്ന് എസ്. രാമചന്ദ്രൻ പിള്ള

ആലപ്പുഴ: ലോക രാഷ്‌ട്രങ്ങളുടെ സ്ഥിതി വിലയിരുത്തുമ്പോള്‍ താൻ ചൈനയെ പ്രകീർത്തിക്കുന്നതായായി ചില മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയായിരുന്നെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുതലാളിത്ത രാജ്യങ്ങള്‍ക്ക് കഴിയില്ല. അതേസമയം സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്ക് ഇതിനു കഴിയും. മുതലാളിത്ത രാജ്യങ്ങളില്‍ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വർധിക്കുകയും സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കുകയുമാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ദാരിദ്ര്യവും തൊഴിലില്ലായ്‌മ‌യും നിര്‍മ്മാര്‍ജനം ചെയ്‌ത് സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയാണ്.

മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി ചൈന മാറി. 2021ല്‍ ദാരിദ്ര്യം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യാന്‍ ചൈനയ്‌ക്കായി. ഇന്ന് ലോക രാജ്യങ്ങളുമായി വിലയിരുത്തുമ്പോള്‍ 30 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരിക്കുന്നു മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ക്ക് കടം കൊടുത്ത രാജ്യം ചൈനയാണ്. ഒപ്പം 142 രാജ്യങ്ങളുടെ പൊതു വികസനത്തിന് സംഭാവനയും നല്‍കുന്നു -രാമചന്ദ്രൻപിള്ള ചൂണ്ടിക്കാട്ടി.

നേരത്തെ, കോട്ടയം സമ്മേളനത്തിലും കാസർകോട് സമ്മേളനത്തിലും എസ്.ആർ.പി ചൈനയെ പുകഴ്ത്തിയിരുന്നു. എന്നാൽ, ചൈനയെ പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബി രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈന മുന്നോട്ടുവെച്ച മൂന്നാംലോക സിദ്ധാന്തം പാര്‍ട്ടി അന്നുതന്നെ തള്ളിക്കളഞ്ഞതാണ്. എന്നാൽ, ചൈനയിലെ വികസനശ്രമങ്ങള്‍ വിശകലനംചെയ്ത് അനുയോജ്യമായവ കണ്ടെത്തുകയെന്നത് ജനപക്ഷത്തുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍ത്തവ്യമാണെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - Im not glorify china says S Ramachandran Pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.