തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രി മാധ്യമങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കൽ സൂപ്രണ്ടിനെ പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പൊതുജന മദ്ധ്യത്തിൽ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.
10 ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിൽ കേവലം രണ്ട് ഡോക്ടർമാർ മാത്രമേ ഒ.പി നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടർമാരെയും ആരോഗ്യ സ്ഥാപനത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. ആറ് ഡോക്ടർമാർ ഒ. പി യിലും ഒരു ഡോക്ടർ മെഡിക്കൽ ബോർഡ് കൂടുന്നതിനും രണ്ട് ഡോക്ടർമാർ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടർ റൗൺസിലുമാണ് ഉണ്ടായിരുന്നത്.
വസ്തുതകൾ ഇങ്ങനെയായിരിക്കെ മനപ്പൂർവ്വം ഡോക്ടർമാരെ കരിതേച്ച് കാണിക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാകാം. ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടർമാർ എന്ന അടിസ്ഥാന കാര്യം മന്ത്രി മറച്ചുവയ്ക്കുന്നു.
താലൂക്ക് ആശുപത്രിയിൽ അരമണിക്കൂറിലേറെ സമയം സഹ രാഷ്ട്രീയക്കാരുമായി നടന്ന മന്ത്രിക്ക് ഏതെങ്കിലും സ്ഥലത്ത് നിന്ന് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാതെ നിൽക്കുന്ന ആൾക്കൂട്ടമോ കാണാനായിട്ടില്ല. ലഭിച്ച പരാതികൾ ഡോക്ടർമാർക്കു പരിഹരിക്കാൻ സാധ്യമായവയും അല്ല.
മരുന്നു ക്ഷാമം എന്നത് ഒരു ആശുപത്രിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രശ്നമല്ല. കേരളമൊട്ടാകെ സർക്കാർ ആശുപത്രികളിൽ ഇന്ന് മരുന്ന് ക്ഷാമം രൂക്ഷമാണ്. കെ.എം.എസ്.സി.എൽ മരുന്ന് നൽകുന്നതിനുള്ള താമസമാണ് ഇതിനുള്ള കാരണം. ഒരു മെഡിക്കൽ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ നിലവിലില്ല. കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കൈയ്യടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമവിചാരണക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാം. ഇത് അനീതിയാണ്, പ്രതിഷേധാർഹമാണ്.
ഒരു ആശുപത്രി സൂപ്രണ്ടിനെ വഴിയിൽ നിർത്തി മാധ്യമ വിചാരണക്കും പൊതു വിചാരണക്കും വിട്ടുകൊടുത്തത് സാമാന്യ മര്യാദക്കും മാന്യതക്കും നിരക്കുന്നതല്ല എന്നു മാത്രമല്ല ഡോക്ടർ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതിനു തുല്യമാണ്. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്കു നേരെ പലപ്പോഴും കണ്ണടക്കുന്ന ഭരണകൂടം ഇത്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിനു സമാനമാണ്.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാരിൽ നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. പി.എസ്.സി വെയ്റ്റിംഗ് ലിസ്റ്റിൽ 3000ത്തോളം ഡോക്ടർമാർ തൊഴിൽരഹിതരായി നിൽക്കുമ്പോഴും പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നുള്ളത് ഈ മേഖലയിലെ പ്രശ്നങ്ങളുടെ രൂക്ഷത വർധിപ്പിക്കുന്നു. കേവലം ഒരു ഡോക്ടർ മാത്രമായി പ്രവർത്തിക്കുന്ന നാല് സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഉള്ളത്. നിലവിലുള്ള തസ്തികൾ വച്ച് ആരോഗ്യപ്രവർത്തകർക്ക് താങ്ങാവുന്നതിൽ അധികം ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഇനിയെങ്കിലും കാര്യങ്ങളെ യാഥാർത്ഥ്യ ബോധത്തോടു കണ്ട്, എന്തിനും ഏതിനും ഡോക്ടർമാരെ പഴിചാരി പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാതെ, ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾക്കു ന്യായമായ പരിഹാരം കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.