അരൂർ : അരൂർ പള്ളി സ്റ്റാൻഡിലെ ഓട്ടോത്തൊഴിലാളികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് അരൂർ പള്ളി സ്റ്റാൻഡിലെ നൂറ്റിമുപ്പതോളം ഓട്ടോ തൊഴിലാളികളും,അവരുടെ കുടുംബവും ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്വകാര്യവ്യക്തിയുടെ പിടിവാശിമൂലം ഓട്ടോ സ്റ്റാൻഡ് നഷ്ടപ്പെട്ടതാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. സി ഐ ടി യു, ഐഎൻടിയുസി, ബിഎംഎസ് എന്നീ യൂനിയനുകളുടെ കീഴിലുള്ള ഓട്ടോ തൊഴിലാളികളാണ് ഇലക്ഷൻ ബഹിഷ്കരിക്കുന്നത്. ഓട്ടോ സ്റ്റാൻഡ് മാറ്റാൻ ഒത്താശ ചെയ്ത പഞ്ചായത്ത് ഭരണത്തോട്, സ്റ്റാൻഡിലെ എല്ലാ യൂനിയനുകളിലുമുള്ള തൊഴിലാളികളുടെ പ്രതിഷേധം കൂടിയാണ് ഈ ബഹിഷ്കരണം എന്ന് കെ.എസ് .സുമേഷ് ,ജിത്തുകൃഷ്ണപിള്ള , ഡി.എസ്.രതീഷ് എന്നീ സ്റ്റാൻഡ് കൺവീനർമാർ പറഞ്ഞു.
കോടതിവിധിയിലൂടെ സ്റ്റാൻഡ് മാറ്റാൻ അധികാരികൾ എത്തിയപ്പോൾ,പതിറ്റാണ്ടുകളായിപള്ളി സ്റ്റാൻഡിൽ തൊഴിലെടുത്തിരുന്നു തൊഴിലാളികളെ സംരക്ഷിക്കുവാൻ പഞ്ചായത്ത് ഭരണാധികാരികൾ തയ്യാറായില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. വർഷങ്ങളായി തൊഴിലെടുത്തിരുന്ന തൊഴിലിടം നഷ്ടപ്പെട്ട് തൊഴിലാളികൾ ചിതറിയപ്പോൾ , ഒരാഴ്ചക്കാലം തൊഴിൽ എടുക്കാതെ ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രശ്നപരിഹാരത്തിന് കൂടിയാലോചനയോഗങ്ങൾ വിളിച്ചു കൂട്ടാൻ ശ്രമിച്ചെങ്കിലും പഞ്ചായത്ത് അധികൃതർ പോലും ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറായില്ല. ഈ അവഗണനയ്ക്കെതിരെയാണ് വോട്ട് ബഹിഷ്കരണമെന്ന് തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.