മുഖ്യമന്ത്രിയുടെ വലതുകൈയിൽ ചങ്ങാത്ത മുതലാളിത്തവും ഇടതുകൈയിൽ നാടുവാഴിത്ത കൊടിയും

വലംകൈയിൽ ചങ്ങാത്ത മുതലാളിത്ത (ക്രോണി ക്യാപിറ്റലിസം)ത്തിന്റെയും ഇടംകൈയിൽ നാടുവാഴിത്തത്തിന്റെയും കൊടിപിടിക്കുന്ന അപൂർവ പ്രതിഭാസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് സമ്പത്തുണ്ടാക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയിലാണ് അദ്ദേഹത്തിന്റെ സഞ്ചാരം.

പിണറായി വിജയന് താൽപര്യമുള്ള മുതലാളിമാരെയും കോർപറേറ്റുകളെയും സഹായിക്കാനും മകൾ വീണ വിജയന്റെയും ഐ.ടി കമ്പനിയെയും വളർത്തിയെടുക്കാനും ശ്രമിക്കുന്നതിന്റെ പ്രത്യയശാസ്ത്രം ചങ്ങാത്ത മുതലാളിത്തമാണ്. ആ മുതലാളിത്ത സംസ്കാരം ഉൾക്കൊള്ളുമ്പോഴും നാടുവാഴിത്തത്തിന്റെ ചില സ്വഭാവ സവിശേഷതകളിൽനിന്ന് മുഖ്യമന്ത്രി പൂർണമായ വിടുതൽ നേടിയില്ല. അതിനാലാണ് മകളുടെ കമ്പനിയുടെ പേര് നിയമസഭയിൽ പരാമർശിച്ചപ്പോൾ കോപാകുലനായത്.

രാഷ്ട്രീയത്തിൽ പണസമാഹരണത്തിന്റെ കോർപറേറ്റ് മാതൃക കാണിച്ചുതന്നത് നരേന്ദ്ര മോദിയാണ്. രാഷ്ട്രീയത്തിൽ നേതാവായി നിലനിൽക്കണമെങ്കിൽ പ്രവർത്തനത്തിനുള്ള ഫണ്ട് കോർപറേറ്റുകളിൽനിന്ന് വാങ്ങി അധികാരം നിലനിർത്തമെന്ന് മോദി തെളിയിച്ചു. പിണറായിയും സ്വീകരിച്ചത് മോദിയുടെ മാർഗമാണ്. ഇടത് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവുമായി പുലബന്ധമില്ലാത്ത ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയാണ് മുഖ്യമന്ത്രി ചുവടുമാറ്റം നടത്തിയത്.

കമ്യൂണിസ്റ്റ് പാർട്ടി നേരത്തെ നിലനിന്നിരുന്നത് പ്രത്യയശാസ്ത്രത്തിന്‍റെ കരുത്തിലാണ്. സാധാരണ ജനങ്ങളുടെ സംഭാവനയായിരുന്നു പാർട്ടി ഫണ്ട്. കോർപറേറ്റ് ഫണ്ടിങ്ങിലൂടെ മാത്രമേ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയൂവെന്ന് തിരിച്ചറിഞ്ഞ നേതാവാണ് പിണറായി. അതിന്‍റെ നടത്തിപ്പുകാരനാകാൻ ഏറ്റവും യോഗ്യനായ ആൾ ശിവശങ്കറാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കി.

സ്വർണക്കടത്തിൽ പിടിക്കുന്നതുവരെ ഒന്നാം പിണറായി സർക്കാറിന് മാർഗനിർദേശം നൽകിയത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ്. ചട്ടത്തെയും നിയമത്തെയും മറികടന്ന് ഉത്തരവിറക്കാനുള്ള ശേഷിയും മാനേജ്മെന്റിലെ അസാമാന്യ കഴിവുമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുമായി അടുപ്പിച്ചത്. പാർട്ടിയും മുഖ്യമന്ത്രിയും ശിവശങ്കറിന്റെ പ്രത്യയശാസ്ത്ര ബോധത്തെക്കുറിച്ച് ആലോചിച്ചില്ല. പെട്ടെന്ന് കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിവുള്ള ഉന്നത ഉദ്യോഗസ്ഥനും കോർപറേറ്റുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് സർക്കാറിന്റെ നയങ്ങളിൽ വെള്ളം ചേർക്കാൻ മിടുക്കനുമാണ് അദ്ദേഹം.

സ്പ്രിംഗ്ളർ കരാറിന്റെ പൂർണ ഉത്തരവാദി ശിവശങ്കറാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുമ്പോൾ അദ്ദേഹത്തിന്റെ കോർപറേറ്റ് ബന്ധമാണ് പുറത്ത് വരുന്നത്. അത് അടിമുടി അഴിമതിയിലേക്കാണ് നയിച്ചത്. ഭരണകൂട അഴിമതി താഴെത്തട്ട് വരെ എത്തിക്കുന്നതിൽ സർക്കാർ സംവിധാനം വിജയിച്ചുവെന്നാണ് ഓഡിറ്റ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. നിയമം എങ്ങനെ അട്ടിമറിക്കാം എന്നായിരുന്നു ശിവശങ്കറിന്റെ ചിന്ത.

കോർപറേറ്റുകൾക്ക് വേണ്ടി കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യണമെന്നാണ് അദ്ദേഹം നൽകിയ നിർദേശം. മുഖ്യമന്ത്രിയുടെ താൽപര്യമനുസരിച്ച് പ്രവർത്തിച്ച് മികച്ച ഉപകരണമായി ശിവശങ്കർ. അതിനാലാണ് അദ്ദേഹം സംരക്ഷിക്കപ്പെട്ടത്. സാങ്കേതികമായി കോടതിയിൽ ഇതിനൊന്നും തെളിവ് നൽകാൻ സ്വപ്നക്ക് കഴിയില്ല. എന്നാൽ, സാധാരണ ജനങ്ങളിൽ നിലനിൽക്കുന്ന ആദർശാത്മകത ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണ് സ്പ്രിംഗ്ലർ മുതൽ കെ. ഫോൺ വരെയുള്ള അഴിമതികൾ.

Tags:    
News Summary - In the right hand of the Chief Minister Pinarayi Vijayan is crony capitalism and in the left hand is the flag of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.