കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന. 2017 ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്ക് എയർപോർട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചപ്പോൾ 22.49 ശതമാനം വർധനവാണുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13,08,345 പേരാണ് കരിപ്പൂരിൽനിന്ന് യാത്ര ചെയ്തത്. ഇക്കുറി 16,02,714 പേരായി വർധിച്ചു. ഇതിൽ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 ആഭ്യന്തര യാത്രക്കാരുമാണ്.
അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കരിപ്പൂർ. ആദ്യ 12 സഥാനങ്ങളിൽ എട്ട് വിമാനത്താവളങ്ങളും ദക്ഷിണേന്ത്യയിൽനിന്നാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളായ കൊച്ചി നാലാമതും തിരുവനന്തപുരം എട്ടാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ പേർ ഡൽഹി വഴിയാണ് യാത്ര ചെയ്തത്, 81.23 ലക്ഷം.
കഴിഞ്ഞ സാമ്പത്തിക വർഷം 26.51 ലക്ഷം പേരാണ് കരിപ്പൂർ വഴി യാത്ര ചെയ്തത്. ഇത്തവണ 30 ലക്ഷത്തിന് മുകളിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിമാന സർവിസുകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് യാത്രക്കാരുടെ എണ്ണം കൂടാൻ സഹായകരമായത്. നേരത്തെ, പ്രതിദിനം 50ഒാളം സർവിസുകളുണ്ടായിരുന്നത് നിലവിൽ 70 ആയി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.