കോഴിക്കോട്: അഭിപ്രായഭിന്നത തെരുവിലടിച്ചതോടെ മുന്നണിക്കകത്തുനിന്നും സമുദായത്തിനകത്തുനിന്നും കടുത്ത വിമർശനമേറ്റ ഐ.എൻ.എല്ലിെൻറ ഇരുവിഭാഗം നേതാക്കളും അനുരഞ്ജനത്തിെൻറ പാതയിൽ. സംഘടന പ്രവർത്തനത്തിന് സാമ്പത്തിക പിൻബലമേകുന്ന പ്രവാസി ഘടകങ്ങളുടെ കടുത്ത നിലപാടും ഇരുവിഭാഗത്തെയും വിചിന്തനത്തിന് പ്രേരിപ്പിച്ചു.
ഇടത് ആഭിമുഖ്യമുള്ള മത സംഘടന നേതാവെന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നിർദേശ പ്രകാരം എസ്.വൈ.എസ് ജന. സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ മധ്യസ്ഥതയിലാണ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നത്. ഇതിെൻറ ഭാഗമായി എ.പി. അബ്ദുൽ വഹാബുമായും കാസിം ഇരിക്കൂറുമായും ഹക്കീം അസ്ഹരി വെവ്വേറെ കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞദിവസം അബ്ദുൽ വഹാബുമായി നടത്തിയ ചർച്ചയിൽ അനുരഞ്ജനത്തിന് തയാറാണെന്ന സന്ദേശം നൽകിയിരുന്നു.തുടർന്ന് ചൊവ്വാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന വഹാബ് പക്ഷത്തിെൻറ സംസ്ഥാന കൗൺസിൽ യോഗം മാറ്റി.കൗൺസിൽ ചേർന്നാൽ പിളപ്പ് പൂർണമാകുമെന്നതിനാലാണ് മാറ്റിവെച്ചത്. പിന്നീട് സി.പി.എം, സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഭിന്നിച്ചുനിന്നാൽ മുന്നണിയിൽനിന്ന് പുറത്തുപോകേണ്ടിവരുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇപ്പോൾ അനുരഞ്ജന നീക്കത്തിന് ആക്കം കൂടിയത്. തങ്ങൾ ഉപാധികളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും മറുഭാഗം അനുരഞ്ജനത്തിന് തയാറാണെങ്കിൽ തങ്ങളുടെ നിബന്ധന മധ്യസ്ഥർക്കു മുമ്പാകെ വെക്കുമെന്നും എ.പി. അബ്ദുൽ വഹാബ് 'മാധ്യമ'ത്തോട് പറഞ്ഞു. വിഷയം കോടതിയിലെത്തിച്ചത് അനുരഞ്ജന ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഷയത്തിൽ അഖിലേന്ത്യ കമ്മിറ്റിയാണ് തീരുമാനമെടുേക്കണ്ടതെന്ന നിലപാടാണ് കാസിം പക്ഷം. സംസ്ഥാന പ്രസിഡൻറിനെ പുറത്താക്കിയത് അഖിലേന്ത്യ പ്രസിഡൻറാണ്.
എൻ.കെ. അബ്ദുൽ അസീസ്, ബഷീർ ബഡേരി എന്നിവർക്കെതിരായ നടപടിയിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. കൊച്ചി യോഗത്തിനിടെ തെരുവിൽ അക്രമമുണ്ടാക്കിയവർക്കെതിരായ നടപടിയിലും ഉറച്ചുനിൽക്കും. എന്നാൽ, അനുരഞ്ജന നീക്കത്തോട് അനുകൂലമായാണ് കാസിം ഇരിക്കൂറും പ്രതികരിച്ചത്. കോടതിയെ സമീപിച്ചത് പ്രവർത്തകർ തമ്മിലെ സംഘർഷം ഒഴിവാക്കുന്നതിനാണെന്ന് അദ്ദേഹം വ്യക്തമാക്കി.അഖിലേന്ത്യ ജന. സെക്രട്ടറികൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിലും അനുരഞ്ജന നീക്കത്തെ പിന്തുണച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.