കോഴിക്കോട്: 40 ദിവസത്തെ 'പിളർപ്പി'നു ശേഷം ഐ.എൻ.എൽ ഗ്രൂപ്പുകളെ വീണ്ടും ഒന്നിപ്പിച്ചത് ഇടതുമുന്നണിയുടെ കടുത്ത നിലപാട്. സമുദായത്തിനകത്തും പ്രവാസി സമൂഹത്തിലും വിഭാഗീയതക്കെതിരെ ഉടലെടുത്ത കടുത്ത പ്രതിഷേധവും പുനരാലോചനക്ക് പ്രേരിപ്പിച്ചു.
ഭിന്നത ഇരുവിഭാഗത്തിനും നഷ്ടക്കച്ചവടമാകുമെന്ന് ഉറപ്പായതോടെ ഇടതു സഹയാത്രികനായ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ കാർമികത്വത്തിൽ നടത്തിയ ചർച്ചയിൽ എല്ലാം മറന്ന് ഒന്നാകാൻ തീരുമാനിച്ചു . പാർട്ടിക്കുള്ളിലെ വിഴുപ്പലക്കുകൾ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമാണ് പാരമ്യതയിലെത്തിയത്.
മുന്നണിയിലെടുത്ത ശേഷം മന്ത്രിസ്ഥാനം കൈവെള്ളയിൽ വെച്ചുകൊടുത്തിട്ടും പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ഗ്രൂപ് തിരിഞ്ഞ് തമ്മിൽ തല്ലിയത് ഇടതുമുന്നണിക്കുതന്നെ തലവേദന സൃഷ്ടിച്ചു. ജൂലൈ 25ന് എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടയിലാണ് പ്രവർത്തകർ പരസ്പരം പോരടിച്ചത്. നേതാക്കൾ ഇരുചേരികളിലായി ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. തുടർന്ന്, വഹാബ് പക്ഷം തങ്ങളെ അംഗീകരിക്കണമെന്ന ആവശ്യവുമായി സി.പി.എം, സി.പി.ഐ നേതാക്കളെ സമീപിച്ചപ്പോൾ കടുത്ത താക്കീതാണ് ലഭിച്ചത്.
ഹജ്ജ് കമ്മിറ്റി, ബോർഡ് പുനഃസംഘടനയിൽ പാർട്ടിയെ പരിഗണിക്കാതിരുന്നത് കാസിം പക്ഷത്തിനും തിരിച്ചടിയായി. ഇരുവിഭാഗവും ഭിന്നിച്ചുനിന്നാൽ പരിഗണന കിട്ടില്ലെന്ന് മാത്രമല്ല, കക്ഷത്തുള്ളതും നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് അനുരഞ്ജന ശ്രമങ്ങളോട് സഹകരിക്കാൻ ഇരുകൂട്ടരും തയാറായത്.
വഹാബ് പക്ഷം ഇതിനകം രൂപവത്കരിച്ച പാർട്ടിയുടെയും പോഷക ഘടകങ്ങളുടെയും എല്ലാ കമ്മിറ്റികളും ഇതോടെ ഇല്ലാതാകും. കാസിം പക്ഷം മറുഭാഗത്തിനെതിരെ എടുത്ത അച്ചടക്ക നടപടികളും റദ്ദാക്കാൻ തീരുമാനിച്ചതോടെ ജൂലൈ 25നു മുമ്പുള്ള അവസ്ഥയിൽ പാർട്ടി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.