കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന്റെ ആസൂത്രണം പ്രതി ഡൊമിനിക് മാർട്ടിന് പുറമെ മറ്റൊരാൾകൂടി അറിഞ്ഞെന്ന നിഗമനത്തിൽ അന്വേഷണ സംഘം. മാർട്ടിന്റെ മൊഴിയിലെ ചില പൊരുത്തക്കേടുകളും ഭാര്യ നൽകിയ ചില നിർണായക വിവരങ്ങളുമാണ് പൊലീസ് ഈ നിഗമനത്തിൽ എത്താൻ കാരണം. ഇതിൽ വ്യക്തത വരുത്താൻ അന്വേഷണം വ്യാപിപ്പിച്ചു.
ഒരു ട്രയൽപോലും ഇല്ലാതെ ഒറ്റക്കാണ് സ്ഫോടനം നടത്തിയതെന്ന മാർട്ടിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. മികച്ച സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും ആവശ്യമുള്ള ഇത്തരമൊരു കൃത്യത്തിന് മറ്റൊരാളുടെ സഹായമോ മാർഗനിർദേശമോ ലഭിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും കൃത്യത്തിന് ശേഷവും മാർട്ടിൻ നടത്തിയ ഫോൺ കാളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടനത്തിന്റെ തലേന്ന് മാർട്ടിന് വന്ന ഒരു ഫോൺ കാളിനെക്കുറിച്ച ഭാര്യയുടെ വെളിപ്പെടുത്തലാണ് ഇതിൽ പ്രധാനം. ഫോണിൽ സംസാരിച്ച ശേഷം അസ്വസ്ഥനായി കണ്ട മാർട്ടിനോട് ആരാണ് വിളിച്ചതെന്ന് ഭാര്യ അന്വേഷിച്ചെങ്കിലും നാളെ ഒരു സ്ഥലംവരെ പോകാനുണ്ടെന്നും എന്താണ് ചെയ്യുന്നതെന്ന് അതിനുശേഷം വിളിച്ചറിയിക്കാമെന്നുമാണ് ക്ഷോഭത്തോടെ ഇയാൾ മറുപടി പറഞ്ഞത്. ഈ ഫോൺ കാൾ ആരുടേതായിരുന്നു എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
സ്ഫോടനത്തിനുശേഷം ബൈക്കിൽ തൃശൂരിലേക്ക് പോകുന്നതിനിടെയും മാർട്ടിൻ കൊച്ചി സ്വദേശിയായ ഒരാളെ ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി തന്നെയാണോ തലേന്നും ഫോണിൽ സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അങ്ങനെയെങ്കിൽ അയാളുടെ ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. സ്ഫോടനം നടത്താൻ ആറു മാസം മുമ്പ് മുതൽ ആസൂത്രണം തുടങ്ങിയതായാണ് വിവരം. ഇത്ര മുന്നൊരുക്കമുള്ള ഒരു കൃത്യം ഒറ്റക്ക് നടത്താനാവില്ലെന്ന് പൊലീസ് അനുമാനിക്കുന്നു. ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം മുമ്പോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. മാർട്ടിൻ നേരത്തെ വിദേശത്തായിരുന്നതിനാൽ അവിടെ ആരിൽനിന്നെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽനിന്ന് പ്രാഥമിക വിവരശേഖരണം നടത്തിയതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.