മേപ്പയ്യൂർ: തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തി സംസ്കരിച്ച മൃതദേഹം കൂനംവള്ളിക്കാവിൽനിന്ന് കാണാതായ വടക്കേടത്ത് കണ്ടി ദീപകിന്റേത് (36) അല്ലെന്ന് ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തിയതോടെ ദീപക് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.
മരിച്ചത് മകനല്ലെന്ന് അറിഞ്ഞതോടെ മാതാവ് ശ്രീലതക്കും ബന്ധുക്കൾക്കും ദീപക് തിരിച്ചുവരുമെന്ന നേരിയ പ്രതീക്ഷയുമുണ്ട്.
മേപ്പയ്യൂരിൽ തുണിക്കട നടത്തുകയായിരുന്ന ദീപക് ജൂൺ ആറിനാണ് എറണാകുളത്തേക്കാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയത്. പിറ്റേ ദിവസം അമ്മയെ ഫോൺ ചെയ്തെങ്കിലും പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് മേപ്പയ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. അവർ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. മൃതദേഹം ജീർണിച്ചതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്നാൽ, ദീപകുമായി ഏറെ സാമ്യം തോന്നിയതുകൊണ്ടാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിന്റെ മൃതദേഹമാണ് തിക്കോടി കടപ്പുറത്ത് കണ്ടെത്തിയതെന്ന് ഡി.എൻ.എ പരിശോധനയിലൂടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.
ഇർഷാദിന്റെ കേസിൽ അറസ്റ്റിലായവരിൽനിന്ന് പൊലീസിന് ലഭിച്ച മൊഴിയാണ് ഡി.എൻ.എ പരിശോധനയിലേക്ക് നയിച്ചത്. ജൂലൈ 16ന് തലക്കുളത്തൂർ പുറക്കാട്ടിരി പാലത്തിൽനിന്ന് ഇർഷാദ് പുഴയിലേക്ക് ചാടിയെന്നായിരുന്നു മൊഴി. ഇത് ചില നാട്ടുകാരും സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണമാണ് ഇർഷാദിന്റെ തിരോധാനത്തിന്റെ ചുരുളഴിയാൻ കാരണമായത്.
നന്നായി നീന്തൽ അറിയുന്ന ഇർഷാദ് ഒരിക്കലും വെള്ളത്തിൽ മുങ്ങി മരിക്കില്ലെന്നാണ് പിതാവ് നാസർ പറയുന്നത്. മകൻ മരിച്ചിട്ടുണ്ടെങ്കിൽ തല്ലിക്കൊന്ന് പുഴയിൽ എറിയാനാണ് സാധ്യതയെന്നും കുടുംബം പറയുന്നു.
ഇർഷാദിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവാസിയായിരുന്ന ദീപക്കും സ്വർണക്കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ടിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അബൂദബിയിലായിരുന്ന ദീപക് ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.