തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ കോൺഗ്രസിനോട് ചോദ്യങ്ങളുന്നയിച്ച് സി.പി.ഐ. ബി.ജെ.പിക്കെതിരായ പോരാട്ടഭൂമി ഇതാണോയെന്നും ഒരു എം.പി പോലും ബി.ജെ.പിക്കുണ്ടാകില്ലെന്നുറപ്പുള്ള സ്ഥലത്താണോ പോരാട്ടം നടത്തേണ്ടതെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തിപരമായി അദ്ദേഹത്തോട് വിദ്വേഷമില്ല. ഇൻഡ്യ സഖ്യത്തിന്റെ വളര്‍ച്ചയില്‍ രാഹുൽ വഹിച്ച പങ്കിനേയും മാനിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടേത് ബി.ജെ.പിക്കെതിരെയുള്ള പോരാട്ടമാണ്. ഈ സാഹചര്യത്തിൽ പോരാട്ടത്തിന്റെയും കേന്ദ്രം ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടുന്നത് ഉത്തരേന്ത്യയാണോ അതോ 20 സീറ്റുകൾ മാത്രമുള്ള കേരളമാണോയെന്നും കോൺഗ്രസ് വിശദീകരിക്കണം.
കോൺഗ്രസിന്റെ മുഖ്യ എതിരാളി ഇടതുപക്ഷമാണോ അതോ ആർ.എസ്.എസ്-ബി.ജെ.പിയോ എന്നതിനും മറുപടി പറയണം. ഉത്തരേന്ത്യ വിട്ട് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ ബി.ജെ.പി അത് പ്രചാരണ വിഷയമാക്കി മാറ്റും. ബി.ജെ.പിയെ നേരിടാനുള്ള ഭയം കൊണ്ട് രാഹുല്‍ ഗാന്ധി കളം വിട്ടെന്ന് പറയും. സാഹചര്യങ്ങൾ മനസ്സിലാക്കി രാഷ്ട്രീയം തിരിച്ചറിയാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയണം.
ചാഞ്ചാട്ടം കാണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഗോദ്സെയുടെ പാർട്ടി വിളിച്ചപ്പോൾ ഗാന്ധിയുടെ പാർട്ടി ചാഞ്ചാടി. കോണ്‍ഗ്രസിന്റെ ഗാന്ധി-നെഹ്റു മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങള്‍. അതുകൊണ്ട് ഇൻഡ്യ സഖ്യത്തിന്റെ ഭാഗവുമാണെന്നും ബിനോയ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.