ആർ.എസ്.എസുമായുള്ള ജമാഅത്തെ ഇസ്‍ലാമി ചർച്ച കാപട്യം –ഐ.എസ്.എം

കോഴിക്കോട്: സംഘ്പരിവാർ നിലപാടുകളോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ജമാഅത്തെ ഇസ്‍ലാമി നേതൃത്വം ആർ.എസ്.എസ് ആസ്ഥാനത്ത് ചർച്ചക്ക് പോയത് തികഞ്ഞ കാപട്യമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിവിധ ഭരണഘടന പദവികളിലിരിക്കുന്നവർ മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടതിനെ മുജാഹിദ്-സംഘ്പരിവാർ ബന്ധമെന്ന് ചിത്രീകരിച്ചവരുടെ പരിഹാസ്യ നിലപാട് പൊതുസമൂഹത്തോടുള്ള വഞ്ചനയാണെന്ന് യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി ആലപ്പുഴ, ട്രഷറർ കെ.എം.എ. അസീസ്, സുബൈർ പീടിയേക്കൽ, ബരീർ അസ്‍ലം, യാസിർ അറഫാത്ത്, റഹ്മത്തുല്ല സ്വലാഹി, സിറാജ് ചേലേമ്പ്ര, ശാഹിദ് മുസ്‍ലിം എന്നിവർ സംസാരിച്ചു.

ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് മുസ്‍ലിം സംഘടനകള്‍ ചട്ടുകമാവരുത് -കെ.എന്‍.എം മര്‍കസുദ്ദഅവ

കോഴിക്കോട്: തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ ഫാഷിസ്റ്റ് അജണ്ടകള്‍ക്ക് മുസ്‍ലിം സംഘടനകള്‍ ചട്ടുകമാവരുതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം.

ഹിന്ദു-മുസ്‍ലിം സമുദായങ്ങള്‍ക്കിടയിലുള്ള ഭിന്നതകള്‍ പരിഹരിക്കാനാണ് ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് പോയതെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം അധ്യക്ഷതവഹിച്ചു. പ്രഫ. കെ.പി. സകരിയ, ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, എം.എം. ബഷീര്‍ മദനി തുടങ്ങിയവർ സംസാരിച്ചു.

ചർച്ച നടത്തിയത് ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടന പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ

ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി.ആരിഫലി പറഞ്ഞു. ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടത്തി എന്നത് ശരിയാണ്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദാറുൽ ഉലൂം ദയൂബന്ത്,അജ്മീർ ദർഗ,ചില ശിഈ സംഘടനാ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും തദ്സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.

നജീബ് ജംഗ്, സയിദ് ഷർവാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആർ.എസ്.എസ് നിർദേശാനുസാരം ചർച്ചക്ക് മുൻകയ്യെടുത്തതും ഓരോ മുസ്‌ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിൻ്റെ സ്വഭാവം ഏതു രൂപത്തിലാകണമെന്ന് സംഘടനകൾ ഈ നാലു പേരുടെ മുന്നിലാണ് വെച്ചതും പിന്നീട് അംഗീകരിക്കപ്പെട്ടതും.

ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർ.എസ്.എസിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണം എന്നാണ് മുസ്‌ലിം സംഘടനാ നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. തുടർന്ന് ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുൻകൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു. വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേൾക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചർച്ച ഒരു പൊതു തീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ചർച്ച പ്രവേശിക്കുകയും പൊതുധാരണയിൽ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികൾ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

രണ്ട് കാരണങ്ങൾ കൊണ്ടാണ് ആർ.എസ്.എസുമായി ചർച്ച നടത്താമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. 

ഒന്ന്, ആർ.എസ്.എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വി​​ദ്വേഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. അത് ആർ.എസ്.എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്.

രണ്ട്, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്.

മുസ്‌ലിംകൾ രണ്ടാംതരം പൗരൻമാരാണെന്ന മോഹൻ ഭവഗതിൻ്റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വോഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.

അടച്ചിട്ട മുറിയിൽ ചർച്ച നടന്നു എന്നതും തെറ്റിദ്ധാരണാജനകമാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ നടത്തിയത് രഹസ്യ ചർച്ച ആയിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ് -ആരിഫലി വ്യക്തമാക്കി. 

Tags:    
News Summary - ISM against Jamaat-e-Islami talks with RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.