കൊച്ചി: കോവിഡ്, ലോക്ഡൗൺ പശ്ചാത്തലത്തിൽ ഐ.ടി കമ്പനികൾ ചെറിയ ഇടങ്ങൾ തേടുകയും ജീവനക്കാരെ പുനർവിന്യസിപ്പിക്കുകയും ചെയ്തതോടെ ചെറുനഗരങ്ങളിലെ സാറ്റലൈറ്റ് പാർക്കുകൾക്ക് നേട്ടം. സാറ്റലൈറ്റ് ഐ.ടി പാര്‍ക്കുകളില്‍ ഓഫിസ് ഇടങ്ങള്‍ക്കുള്ള ചെലവിലെ അന്തരമാണ് കമ്പനികളെ ഇവിടേക്ക് ആകര്‍ഷിച്ച പ്രധാനഘടകം.
വാടക ഇനത്തിലും പ്രവര്‍ത്തനച്ചെലവുകളുടെ കാര്യത്തിലും ചുരുക്കലുകൾക്ക് വിധേയരാകേണ്ടിവന്നതോടെ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ പ്രവർത്തിക്കാവുന്ന ഇടങ്ങളായി സാറ്റലൈറ്റ് പാർക്കുകൾ മാറി.
കൊച്ചി ഇന്ഫോപാര്ക്കിെൻറ സാറ്റലൈറ്റ് പാര്‍ക്കുകളായ കൊരട്ടി, ചേര്‍ത്തല ഇന്ഫോപാര്ക്കുകള് ലോക്ഡൗൺ സാഹചര്യത്തിൽ കൂടുതൽ കമ്പനികൾ പ്രയോജനപ്പെടുത്തി. ജോലിസൗകര്യാർഥം ഇവിടേക്ക് നിരവധി കമ്പനികൾ തൊഴിലാളികളെ പുനർവിന്യസിപ്പിച്ചു.
ലോക്ഡൗണ്‍മൂലം ഐ.ടി പാര്‍ക്കുകളിലെ കമ്പനികള്‍ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയപ്പോള്‍ ഇത് സാറ്റലൈറ്റ് പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കാര്യമായി ബാധിച്ചില്ലെന്ന് മേധാവികൾ പറയുന്നു.
ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുപുറമെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഏതാനും മുന്‍നിര കമ്പനികളും നേരേത്തതന്നെ സാറ്റലൈറ്റ് പാര്‍ക്കുകളിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തി. ഇവിടങ്ങളിൽ കൂടുതൽ സ്പേസുകൾ ഒരുക്കേണ്ട ആവശ്യകതയിലേക്കാണ് പുതിയ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്.
ജീവനക്കാര്‍ക്ക് വീട്ടില്‍നിന്ന് വേഗത്തില്‍ എത്തിച്ചേരാൻ സൗകര്യമുള്ളതിനാല്‍ സാറ്റലൈറ്റ് പാർക്ക് ഏറെ ഗുണം ചെയ്തതായി കൊരട്ടി ഇൻഫോപാർക്കിലെ ക്യൂബസ്റ്റ് ടെക്നോളജീസ് അഡ്മിന് മാനേജര്‍ വി.എസ്. റോബിന് പറഞ്ഞു. ഉൽപാദനക്ഷമത കുറയാതെ നിലനിർത്താനും സാധിച്ചു.
കൊരട്ടി ഇന്‍ഫോപാര്‍ക്കിൽ നിലവിൽ നാല് ലക്ഷത്തോളം ചതുരശ്ര അടി ഐ.ടി സ്പേസാണ് ലഭ്യമായിട്ടുള്ളത്. 45 കമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയെ അപേക്ഷിച്ച് അയല്‍ ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാവുന്ന ഇടങ്ങളാണ് കൊരട്ടി, ചേര്‍ത്തല ഇന്ഫോപാര്ക്കുകള്. ചേര്‍ത്തലയില്‍ 2.4 ലക്ഷം ചതുരശ്ര അടിയാണ് ലഭ്യമായ ഓഫിസ് സ്ഥലം. 250 മുതൽ ജീവനക്കാരുള്ള കമ്പനികൾവരെ ഇവിടെ സുഗമമായി പ്രവർത്തിക്കുന്നുണ്ട്.
വാടകയിനത്തിലും മറ്റും സാറ്റലൈറ്റ് പാർക്കുകളിലെ കുറവ് കോവിഡ് പ്രതിസന്ധികാലത്ത് കമ്പനികൾക്ക് ഗുണകരമായി. അടച്ചിടേണ്ടി വന്നാല്‍പോലും വലിയ നഷ്ടം വരില്ലെന്നതാണ് കമ്പനികളെ ഇവിേടക്ക് വരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്ന് ഇന്‍ഫോപാര്‍ക്സ് കേരള മാനേജര്‍ അരുണ്‍ രാജീവന് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.