ക്രമക്കേട് നടന്നെന്ന് വ്യക്തമായി, മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ.സുരേന്ദ്രന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചെലവഴിച്ചതില്‍ ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടായെന്ന് വ്യക്തമായതിനാല്‍ ധാര്‍മികത അല്പമെങ്കിലുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ലോകായുക്തയിലെ രണ്ട് ജഡ്ജിമാരില്‍ ഒരാള്‍ മുഖ്യമന്ത്രി കുറ്റം ചെയ്‌തെന്ന് വ്യക്തമാക്കി കഴിഞ്ഞു.

രണ്ടാമത്തെയാള്‍ ഏത് സാങ്കേതിക പ്രശ്‌നമാണ് ചൂണ്ടിക്കാട്ടിയതെന്ന് അറിയാനിരിക്കുന്നതേയുള്ളു. സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി ഭരണത്തില്‍ തുടരുന്നത് മുഖ്യമന്ത്രിയുടെ അധികാര ദുര മൂലമാണ്. ഇനി മുഖ്യമന്ത്രിക്ക് അനൂകൂലമായി വിധി വരാന്‍ ഒരു സാദ്ധ്യതയുമില്ല. പല കേസിലും മുഖ്യമന്ത്രി അന്വേഷണം നേരിടുകയാണ്.

ഇപ്പോള്‍ രാജിവച്ചുപോകുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ നിലപാടെന്തെന്നറിയാന്‍ താല്പര്യമുണ്ട്. പുരപ്പുറത്ത് കയറി ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു പ്രസംഗിക്കുന്നവരാണല്ലോ സി.പി.എമ്മുകാര്‍. എം.വി.ഗോവിന്ദനും സീതാറാം യച്ചൂരിയും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും ലോകായുക്ത കേസില്‍ വിധി വരാത്തതില്‍ കേരളത്തിലെ ജനങ്ങള്‍ക്കുള്ള പരാതിയില്‍ ഹൈക്കോടതി പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    
News Summary - It is clear that there has been an irregularity and the Chief Minister should resign, says K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.