ഐ.ടി പാർക്ക് മേധാവി രാജിക്കൊരുങ്ങുന്നു



തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ സർക്കാർ നിർണായക ഇടപെടലുകൾക്ക് ഒരുങ്ങുന്നതിനിടെ കേരള ഐ.ടി പാര്‍ക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ് രാജിക്കൊരുങ്ങുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയും അമേരിക്കയിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്ന് അറിയിച്ചുമാണ് രാജിക്കത്ത് നൽകിയതെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽനിന്ന് മടങ്ങിയെത്തിയ ശേഷമേ രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.

രാജിക്കത്ത് നൽകിയിട്ടില്ലെന്നും എന്നാൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് ഐ.ടി വകുപ്പിൽനിന്നുള്ള വിവരം. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവയുടെ ചുമതലയാണ് ജോൺ എം. തോമസിനുള്ളത്.

ഈ മൂന്ന് പാർക്കുകളെയും ഒരു കുടക്കീഴിൽ ചേർത്താണ് സർക്കാർ കേരള പാർക്ക് എന്ന സംവിധാനത്തിന് രൂപം നൽകിയത്. ജോൺ എം. തോമസിന്‍റെ രാജി സ്വീകരിക്കുകയാണെങ്കിൽ മൂന്ന് പാർക്കുകളുടെയും ചുമതല വ്യത്യസ്ത സി.ഇ.ഒമാർക്ക് നൽകാൻ സാധ്യതയുണ്ട്. കേരള പാർക്ക്സിന് പുറമെ കേരള സ്റ്റാർട്ടപ് മിഷന്‍റെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞവർഷം മാർച്ചിലാണ് ജോൺ എം. തോമസ് കേരള പാർക്കിന്‍റെ ചുമതലയേറ്റെടുത്തത്. ഐ.ടി പാർക്കുകളിൽ പബ്ബുകൾ അനുവദിക്കുന്ന കാര്യത്തിലെ അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്ന വിവരവുമുണ്ട്.

Tags:    
News Summary - IT Park chief resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.