മുസ്​ലിം ലീഗ്​ നേതൃത്വത്തെ വിമർശിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി; പ്രാഥമികാംഗത്വത്തിൽ നിന്നടക്കം നീക്കി

മുസ്​ലിം ലീഗ്​ നേതൃത്വത്തെ വിമർശിച്ച്​ വാർത്താ സമ്മേളനം നടത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ഫവാസ്, മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ മുസ്‌ലിം ലീഗിെൻറയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി.

കഴിഞ്ഞ ദിവസം ലത്തീഫ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെയടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹരിത വിവാദത്തില്‍ എം.എസ്.എഫിെൻറ മിനുട്‌സ് തിരുത്താന്‍ പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനതിന് തയ്യാറായിരുന്നില്ലെന്നും ലത്തീഫ് പറഞ്ഞിരുന്നു.

ഒറിജിനല്‍ മിനുട്‌സ് പൊലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്‌സാണ് കൊടുക്കുന്നതെങ്കിൽ, ഒറിജിനലിെൻറ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേർക്കെതിരെയും നടപടി.

കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിൽ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എം.കെ. മുനീറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു ലത്തീഫിനെതിരെ നടപടിയുണ്ടായെടുത്തത്. നിലവില്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയിരിക്കുന്നത്.

ഹരിത വിഭാഗവും എം.എസ്.എഫും തമ്മിലുണ്ടായ പ്രശ്നത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലെന്ന് ലീഗ് നേതൃത്വത്തിന് പരാതി കിട്ടിയിരുന്നു. പി.കെ. നവാസും ലത്തീഫും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എം.എസ്.എഫിനകത്ത് വിഭാഗീയതയുണ്ടെന്നുമായിരുന്നു പരാതി. ഇതേത്തുടര്‍ന്നാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ എം.കെ. മുനീറിെൻറ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നത്.

ഹരിത വിവാദത്തെ തുടർന്ന്​ പി.കെ നവാസിനെതിരായ നിലപാടാണ്​ ലത്തീഫ്​ തുറയൂർ സ്വീകരിച്ചിരുന്നത്​. നേതൃത്വത്തിൽ നിന്ന്​ നീക്കിയതിനെ തുടർന്ന്​ എം.എസ്​.എഫ്​ ഒാഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ നിലപാടെടുത്തതോടെ മുസ്​ലിം ലീഗ്​ നേതൃത്വം നടപടി കടുപ്പിക്കുകയായിരുന്നു.

Tags:    
News Summary - iuml removed msf leaders from party membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.