വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയ ഡ്രഡ്ജര്‍ ഇടപാടിലൂടെ ഖജനാവിന് 15 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന ധനവകുപ്പിന്‍െറ റിപ്പോര്‍ട്ടിന്‍മേലാണ് നടപടി വേണ്ടത്. മുഖ്യമന്ത്രി ഇതില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട് തേടി. 2011-12ല്‍ നടന്ന ഇടപാടില്‍ തിരിമറി നടന്നെന്ന പരാതിയില്‍ ധനവകുപ്പ് പരിശോധന വിഭാഗം അന്വേഷണം നടത്തിയിരുന്നു.

ഐ.എച്ച്.സി മെര്‍വീഡ് എന്ന വിദേശ കമ്പനിക്ക് അന്യായലാഭം ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടത്തെിയിരുന്നു. ടെന്‍ഡര്‍ നടപടിയിലെ പിഴവടക്കം 28 ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് 15 കോടിയുടെ നഷ്ടം വ്യക്തമാക്കുന്നു. ഇതില്‍ ജേക്കബ് തോമസ് അടക്കം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഡിസംബര്‍ മൂന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇതു പരിശോധിച്ച് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ മാറ്റണമെന്ന ശിപാര്‍ശപ്രകാരം റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിന് കൈമാറി. ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കുറിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ജേക്കബ് തോമസ് ഇപ്പോള്‍ വഹിക്കുന്ന പദവിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അദ്ദേഹത്തെ മാറ്റാന്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരിശോധിച്ച മുഖ്യമന്ത്രി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍െറ (ഡി.ജി.പി) നിയമോപദേശത്തിന് വിടുകയായിരുന്നു.  

ഐ.എ.എസ് ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടറും തമ്മിലെ പോര് മുറുകുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ജേക്കബ് തോമസിനെതിരായ പ്രതിഷേധത്തിന്‍െറ ഭാഗമായി ജനുവരി ഒമ്പതിന് കൂട്ട അവധിയെടുത്ത ഐ.എ.എസുകാര്‍ മുഖ്യമന്ത്രിയോട് അദ്ദേഹത്തിനെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഐ.എ.എസുകാര്‍ ഉന്നയിച്ച ആവശ്യം അടിവരയിടുന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി കൈമാറിയത്. ഈ സാഹചര്യത്തില്‍ നിയമോപദേശം നിര്‍ണായകമാകും.

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.