കൊച്ചി: യാക്കോബായ സഭയിൽ പുതിയ അൽമായ സംഘടന തുടങ്ങാനുള്ള നീക്കത്തിന് തുടക്കത്തിലേ തടയിട്ട് സഭ നേതൃത്വം. ഡീക്കൻ തോമസ് കയ്യാത്രയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടയം ശ്രുതി ഓഡിറ്റോറിയത്തിൽ ചേരാനിരുന്ന യോഗം സഭ നേതൃത്വം ഇടപെട്ട് തടഞ്ഞു. ഇതേതുടർന്ന് യോഗം മാറ്റിവെക്കുകയാണെന്ന് ഡീക്കൻ തോമസ് കയ്യാത്ര പ്രസ്താവനയിറക്കി.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് അസ്ഥിത്വ പ്രതിസന്ധിയിലാണ് നിലവിൽ യാക്കോബായ സഭ. വിധിയുടെ ചുവടുപിടിച്ച് സഭക്ക് ഭൂരിപക്ഷമുണ്ടായിരുന്ന അറുപതിലധികം പള്ളികളാണ് ഇതിനോടകം ഓർത്തഡോക്സ് പക്ഷത്തിന്റെ നിയന്ത്രണത്തിലായത്. നിലവിൽ അഞ്ച് പള്ളികൾകൂടി ഏതുസമയവും നഷ്ടപ്പെടുമെന്ന അവസ്ഥയിലുമാണ്.
പ്രശ്ന പരിഹാരത്തിനായി സർക്കാർതലത്തിൽ ഇരു സഭാ നേതൃത്വങ്ങളുമായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. ഇതിനിടെയാണ് പ്രശ്നം പരിഹരിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസിന്റെ നേതൃത്വത്തിൽ തയാറാക്കിയ മലങ്കര ചർച്ച് ബില്ല് നടപ്പാക്കാൻ സർക്കാർ നീക്കം ആരംഭിച്ചത്.
കഴിഞ്ഞ മാർച്ച് 10ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ നിയമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി. രാജീവ് ബില്ലിന്റെ കരട് അവതരിപ്പിക്കുകയും മുന്നണി അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ, ഇതിനുശേഷം ബില്ലിനുളള നീക്കം നിർജീവമായി. ഇതിനിടെ കഴിഞ്ഞ മാസം യാക്കോബായ സഭയിൽ ഭാരവാഹികൾ മാറുകയും സംസ്ഥാന ഭരണവുമായി അടുപ്പമുള്ളവർ നേതൃത്വത്തിലെത്തുകയും ചെയ്തു. സർക്കാർ തങ്ങളെ കബളിപ്പിക്കുകയാണെന്ന ചിന്തയിൽ നിന്നാണ് പുതിയ സംഘടന രൂപവത്കരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങാൻ ഒരുവിഭാഗം തീരുമാനിച്ചത്. ഇതിനായാണ് ഞായറാഴ്ച കോട്ടയത്ത് യോഗം ചേരാൻ തീരുമാനിച്ചത്.
എന്നാൽ, യോഗം സഭ താൽപര്യങ്ങൾക്കെതിരാണെന്നും പങ്കെടുക്കുന്നവർക്കും സംഘടിപ്പിക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ ദിവസം മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് കൽപനയിറക്കി. സഭ തർക്കം പരിഹരിക്കുന്നതിനായി സർക്കാർ നടത്തുന്ന ഇടപെടലുകളും സഭ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവയുടെ മലങ്കര സന്ദർശനവും അട്ടിമറിക്കലാണ് നീക്കത്തിന് പിന്നിലെന്നും സഭ നേതൃത്വം ആരോപിക്കുന്നു.
പുതിയ സംഘടന രൂപവത്കരണം സഭ വിരുദ്ധമാണെന്ന നേതൃത്വത്തിന്റെ നിലപാട് തള്ളുകയാണെന്ന് ഡീക്കൻ തോമസ് കയ്യാത്ര പറഞ്ഞു. എന്നാൽ, നേതൃത്വത്തിന്റെ ആവശ്യം മാനിച്ച് മാർച്ച് വരെ സംഘടന രൂപവത്കരണം നീട്ടിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.