ജയില്‍ പരിഷ്കരണവും നവീകരണവും;  അലക്സാണ്ടര്‍ ജേക്കബ് പഠനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ പരിഷ്കരണവും നവീകരണവും സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. അലക്സാണ്ടര്‍ ജേക്കബ് സമിതി പഠനംതുടങ്ങി. മുന്‍ ജയില്‍ മേധാവി കൂടിയായ റിട്ട. ഡി.ജി.പി എന്ന നിലയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിനാണ് സര്‍ക്കാര്‍ സമിതിയെ ചുമതലപ്പെടുത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അദ്ദേഹം കഴിഞ്ഞയാഴ്ച ജയില്‍ ആസ്ഥാനം സന്ദര്‍ശിച്ചു. സംസ്ഥാന പൊലീസ് സേനയുടെ മാതൃകയില്‍ ജയില്‍ വകുപ്പിനെ പരിഷ്കരിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. രണ്ട് സോണുകളായി തിരിച്ച് റേഞ്ചുകളും താലൂക്ക് അടിസ്ഥാനത്തില്‍ സബ് ഡിവിഷനുകളും നടപ്പാക്കുന്ന തരത്തിലാണ് പഠനം. എന്നാല്‍, ഘടനാപരമായ വിഷയങ്ങളില്‍ അന്തിമതീരുമാനമായില്ല. 

തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്ന നിര്‍ദേശങ്ങളും സമര്‍പ്പിക്കുമെന്നറിയുന്നു. തുറന്ന ജയില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും സൂചനയുണ്ട്. തടവുകാരുടെയും ജീവനക്കാരുടെയും അനുപാതം 1:6 ആകണമെന്ന ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് നിര്‍ദേശം നടപ്പാക്കുന്ന കാര്യവും പരിഗണനയിലാണ്. ജയില്‍മേധാവി ആയിരിക്കെ അലക്സാണ്ടര്‍ ജേക്കബ് തയാറാക്കിയ പഠനറിപ്പോര്‍ട്ടിനെ വിശാല കര്‍മപദ്ധതിയാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. 

എന്നാല്‍, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധനവകുപ്പിന്‍െറ നിലപാട് നിര്‍ണായകമാകും. അതേസമയം, തടവുകാര്‍ക്ക് കിടക്ക ഒരുക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യം ജയില്‍ മേധാവി ആര്‍. ശ്രീലേഖ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടുമാരുടെ അഭിപ്രായം അവര്‍ തേടിയിട്ടുണ്ട്.
 

Tags:    
News Summary - Jail reforms: Alexander Jacob to prepare report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.