ജിഷ്ണുവിന്‍റെ മൊബൈൽ സംഭാഷണങ്ങളും വാട്സ് ആപ് സന്ദേശങ്ങളും പുറത്ത്

പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. കോളജിനെതിരെ നിര്‍ണായക തെളിവായേക്കാവുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നതാണ് ശബ്ദരേഖയും വാട്‌സാപ്പ് സന്ദേശങ്ങളും. ജിഷ്ണുവിന്‍റെ മൊബൈല്‍ ഫോണില്‍നിന്നുമാണ് പൊലീസ് ഇതെല്ലാം വീണ്ടെടുത്തത്.

പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ജിഷ്ണു എഴുതിയ കത്തും പുറത്തായിട്ടുണ്ട്.  ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ വെച്ചു.

പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെക്കാന്‍ ജിഷ്ണു ആവശ്യപ്പെട്ടത്. ഇതിനായി വിദ്യാർഥികളോട്‌ സമരത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്താണ് ജിഷ്ണു വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാഭ്യാസ മന്ത്രിക്കും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ജിഷ്ണു എഴുതിയ കത്തുകളുടെ കോപ്പിയും വോയ്‌സ് സന്ദേശവുമാണ് വാട്‌സ് ആപ്പിലൂടെ കൈമാറിയിരുന്നത്. ഇതെല്ലാം ജിഷ്ണുവിനോട് മാനേജ്‌മെന്‍റിന് അതൃപ്തിയുണ്ടാക്കിയെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

വൈസ് പ്രിന്‍സിപ്പലും അധ്യാപകനായ പ്രവീണുമാണ് ഗൂഢാലോചന നടത്തിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കോളേജില്‍ ഹാജരാക്കിയ ജിഷ്ണുവിന്‍റെ മാപ്പപേക്ഷ വ്യാജമാണ്. ജിഷ്ണുവിനെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിൽ കുറ്റക്കാകരായ രണ്ടു പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മറ്റുപ്രതികളെ കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Tags:    
News Summary - Jishnu Pranoy mobile talks and whatsaap messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.