ന്യൂഡൽഹി: രാമനവമി പൂജയുമായി ബന്ധപ്പെട്ട് ജെ.എൻ.യു ഹോസ്റ്റൽ കാന്‍റീനിൽ ഞായറാഴ്ചയിലെ മെനുവിൽ നിന്നും ചിക്കൻ ഒഴിവാക്കി സസ്യാഹാരം മാത്രം നൽകാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് കാവേരി ഹോസ്റ്റൽ വാർഡൻ ഗോപാൽ റാം. ചിക്കൻ വിളമ്പുന്നതുമായി ബന്ധപ്പെട്ട സംഘർഷമുണ്ടായതിന്‍റെ തലേ ദിവസമാണ് എ.ബി.വി.പിയുടെ മാംസ 'നിരോധന'ത്തിന് വാർഡന്‍റെ പിന്തുണയുണ്ടായത്.
എന്നാൽ, സംഘർഷം ഒഴിവാക്കാൻ നിർദേശം നൽകുക മാത്രമാണുണ്ടായതെന്നാണ് വാർഡന്‍റെ വിശദീകരണം. വിദ്യാർഥി മെസ് സെക്രട്ടറിയോടാണ് ചിക്കൻ ഒഴിവാക്കാൻ വാർഡൻ നിർദേശം നൽകിയത്. 300കുട്ടികളിൽ 180 ഓളം പേർ മാംസം കഴിക്കുന്നവരാണെന്നും ഒഴിവാക്കണമെങ്കിൽ എഴുതി നൽകണമെന്നും വാർഡനോട് മെസ് സെക്രട്ടറി ആവശ്യപ്പെട്ടു. ഇതിന് വാർഡൻ തയായറായില്ല.
അതിനിടെ, മാംസം വിളമ്പുന്നത് സംബന്ധിച്ചല്ല സംഘർഷമുണ്ടായതെന്നും രാമനവമി പൂജ തടസപ്പെടുത്തിയതിനാലാണെന്നും എ.ബി.വി.പി പ്രചരിപ്പിക്കുന്നതിനിടെ, കാന്‍റിനീലേക്ക് ചിക്കൻ കൊണ്ടുവന്ന വ്യാപാരിയെ എ.ബി.വി.പി പ്രവർത്തകർ തിരിച്ചയക്കുന്ന വീഡിയോയും പുറത്തുവന്നു. കാവേരി ഹോസ്റ്റലിൽ നടന്ന പൂജയിൽ താനും പങ്കെടുത്തിരുന്നതായും ആരും എതിർത്തിരുന്നില്ലെന്നും കാവേരി ഹോസ്റ്റൽ പ്രസിഡന്‍റും എൻ.എസ്.യു ഭാരവാഹിയുമായ നവീൻ കുമാർ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞതും എ.ബി.വി.പിയുടെ വാദത്തിന് തിരിച്ചടിയായി.
അതേസമയം, ഞായറാഴ്ചത്തെ ആക്രമണത്തിൽ ജെ.എൻ.യു അധികൃതരോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തേടി. എ.ബി.വി.പി ആമ്രകണത്തിൽ 16 ഓളം വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
ജെ.എൻ.യുവിലെ എ.ബി.വി.പി ആക്രമണത്തിൽ ജാമിഅ മില്ലിയ വിദ്യാർഥികൾ പ്രതിഷേധിച്ചു. ജാമിഅ കാമ്പസിന്‍റെ എട്ടാം നമ്പർ ഗെയിറ്റിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.