കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ ബി.ജെ.പിക്ക് രാജ്യസഭയില്‍ വോട്ട് കൂടുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി

കോഴിക്കോട്ട്: കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ ബി.ജെ.പിക്ക് രാജ്യസഭയില്‍ വോട്ട് കൂടുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ആലപ്പു‍ഴയിൽ സി.പി.എമ്മി​െൻറ പ്രതിനിധിയോ കോൺഗ്രസി​െൻറയോ പ്രതിനിധിയോ ജയിച്ചാൽ അത് ലോക്സഭയിൽ മോദി വിരുദ്ധ വോട്ടായിരിക്കും. എന്നാൽ, ആലപ്പു‍ഴയിൽ കോൺഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാലാണ് ജയിക്കുന്നതെങ്കിൽ ബി.ജെ.പിക്ക് രാജ്യസഭയിൽ ഒരു വോട്ട് കൂടും. തങ്ങളുടെ വർഗീയ അജണ്ട നടപ്പാക്കാനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്ന ബി.ജെ.പിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം വലിയ ഒരവസരം വേറേയുണ്ടോ?.

വർഗീയതയ്ക്കും ഫാസിസത്തിനുമെതിരേയുള്ള പോരാട്ടത്തിൽ എവിടെ നിൽക്കുന്നു എന്ന് കോൺഗ്രസ് മലയാളികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒരു വിഷയമാണിതെന്ന് ജോൺബ്രിട്ടാസ് ഫേസ് ബുക്കിൽ കുറിച്ചു. രാജസ്ഥാനിലെ പ്രതിനിധിയായി രാജ്യസഭയിൽ രണ്ട് വർഷം കൂടി കാലാവധി ബാക്കിയുള്ള കെ.സി.വേണുഗോപാൽ ലോക്സഭയിൽ മത്സരരംഗത്തുവരുമ്പോൾ അതിന്റെ ഗുണഭോക്താവ് ആരായിരിക്കുമെന്ന ചോദ്യം മതനിരപേക്ഷവിശ്വാസികളുടെ കർണ്ണപുടത്തിൽ ശക്തിയായി പതിക്കുന്നുണ്ടെന്നും ജോൺബ്രിട്ടാസ് എഴുതി.

കുറിപ്പ് പൂർണരൂപത്തിൽ:

ധനബില്ലുകൾ ഒ‍ഴികേ എല്ലാ കാര്യങ്ങളിലും ലോക്സഭയ്ക്കും രാജ്യസഭയ്ക്കും തുല്യ അധികാരങ്ങളാണുള്ളത്. ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാരുകൾ പോലും രാജ്യസഭയിൽ പരാജയം രുചിച്ച ഒട്ടേറെ ഏടുകൾ നമുക്കു പറയാൻ ക‍ഴിയും. ഒരു തെരഞ്ഞെടുപ്പി​െൻറ വൈകാരിക വിജയത്തിൽ നമ്മുടെ ജനാധിപത്യത്തി​െൻറ സ്വഭാവം മാറിമറിയാതിരിക്കാൻ ഭരണഘടനാശിൽപികൾ ബോധപൂർവ്വം വ്യവസ്ഥചെയ്തു രൂപീകരിച്ചതാണ് ഉപരിസഭയായ രാജ്യസഭ. ലോക്സഭയിൽ നാലിൽ മൂന്നു ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി രാജ്യസഭയിൽ പലപ്പോ‍ഴും ഇടറിവീണതിനു ദൃക്സാക്ഷിയാണ് ഈ കുറിപ്പെ‍ഴുതുന്നയാൾ.

രാജ്യസഭ എത്രകണ്ടു പ്രധാനപ്പെട്ടതാണ് എന്നതുകൊണ്ടാണ് കോടാനുകോടി രൂപ വാരിവിതറി എംഎൽഎമാരെ റാഞ്ചി ഒരു സീറ്റെങ്കിൽ അത് പിടിച്ചെടുക്കാൻ ബി.ജെ.പി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക‍ഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പുകളിൽ അർഹതപ്പെട്ടതിനെക്കാളും ഓരോ സീറ്റ് ഉത്തർപ്രദേശിൽനിന്നും ഹിമാചൽപ്രദേശിൽനിന്നും ബി.ജെ.പി കരസ്ഥമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നിയമജ്ഞരിൽ ഒരാളും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ മനു അഭിഷേക് സിംഗ്വി അപ്രതീക്ഷിതമായി ഹിമാചലിൽ നിന്നു രാജ്യസഭയിലേയ്ക്കു പരാജയപ്പെട്ടത് വാർത്താതലവാചകമായിരുന്നു. ഹിമാചലിലെ 6 എംഎൽഎമാരെ വിലയ്ക്കെടുത്താണ് ബിജെപി സിംഗ്വിയെപ്പോലും മലർത്തിയടിച്ചത്.

രാജ്യസഭയിൽ ബിജെപി ഭൂരിപക്ഷത്തിലേയ്ക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുകയാണ് – നാലുപേരുടെ കുറവുമാത്രമാണ് ഇപ്പോ‍ഴുള്ളത്. രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാൻ കോപ്പുകൂട്ടുന്ന ബി.ജെ.പിക്ക് ഉപരിസഭയിലെ ഭൂരിപക്ഷം എല്ലാക്കാലത്തും ഒരു വിഷയമായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാധാന്യം അപ്പാടേ ചോർത്തിക്കളയുന്ന മണ്ഡലപുനർനിർണ്ണയം ഉൾപ്പെടെയുള്ള ആയുധങ്ങൾ തേച്ചുമിനുക്കുന്ന ബിജെപി രാജ്യസഭയിലെ ഭൂരിപക്ഷത്തിൽ കണ്ണുനട്ടിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.

ഏതൊരു രാഷ്ട്രീയപാർട്ടിക്കും അവരുടെ പ്രതിനിധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനുള്ള സമ്പൂർണ്ണാവകാശമുണ്ട്. കെ.സി.വേണുഗോപാൽ ആലപ്പു‍ഴയിൽ മത്സരിക്കുന്നതിനെ ഇങ്ങനെ കാണാൻ സാധാരണഗതിയിൽ ക‍ഴിയേണ്ടതാണ്. എന്നാൽ രാജസ്ഥാനിലെ പ്രതിനിധിയായി രാജ്യസഭയിൽ 2 വർഷം കൂടി കാലാവധി ബാക്കിയുള്ള കെ.സി.വേണുഗോപാൽ ലോക്സഭയിൽ മത്സരരംഗത്തുവരുമ്പോൾ അതിന്റെ ഗുണഭോക്താവ് ആരായിരിക്കുമെന്ന ചോദ്യം മതനിരപേക്ഷവിശ്വാസികളുടെ കർണ്ണപുടത്തിൽ ശക്തിയായി പതിക്കുന്നുണ്ട്. രാജസ്ഥാനിൽ ഒരു രാജ്യസഭാസീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടക്കുമ്പോൾ ആ സംസ്ഥാനത്തു ഭൂരിപക്ഷമുള്ള പാർട്ടിയായ ബിജെപിക്ക് അത് സ്വാഭാവികമായി ലഭിക്കും. ഇത് അപഗ്രഥിച്ച ശേഷമായിരിക്കുമല്ലോ കോൺഗ്രസ് നേതൃത്വം ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്ന് ഓർക്കുമ്പോ‍ഴാണ് മതനിരപേക്ഷ വിശ്വാസികൾക്കു നടുക്കമുണ്ടാവുക. ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്ന ഒരു നേട്ടത്തെക്കുറിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ചിന്തിക്കാതെ പോകില്ലല്ലോ?

ആലപ്പു‍ഴയിൽ സിപിഐ(എം)ന്റെ പ്രതിനിധിയോ കോൺഗ്രസ്സിന്റെ പ്രതിനിധിയോ ജയിച്ചാൽ അത് ലോക്സഭയിൽ മോദി വിരുദ്ധ വോട്ടായിരിക്കും. എന്നാൽ, ആലപ്പു‍ഴയിൽ കോൺഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാലാണ് ജയിക്കുന്നതെങ്കിൽ ബിജെപിക്ക് രാജ്യസഭയിൽ ഒരു വോട്ട് കൂടും. തങ്ങളുടെ വർഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്ന ബിജെപിക്ക് സന്തോഷിക്കാൻ ഇതിൽപ്പരം വലിയ ഒരവസരം വേറേയുണ്ടോ? വർഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരേയുള്ള പോരാട്ടത്തിൽ എവിടെ നിൽക്കുന്നു എന്ന് കോൺഗ്രസ് മലയാളികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒരു വിഷയമാണിത്.

-ജോൺ ബ്രിട്ടാസ്

Tags:    
News Summary - john brittas against kc venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.