കൊച്ചി: റോഡ് ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോർജിന്‍റെ കാര്‍ അക്രമിച്ച സംഭവത്തിൽ പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നത്. സമരത്തിനു ശേഷം നേതാക്കള്‍ ഡി.സി.സിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇവിടെ നടക്കുന്ന ചർച്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
മരട് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് പ്രതികളുള്ള കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികള്‍. അനുരഞ്ന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രതികൾ കീഴടങ്ങുന്നതെന്നാണ് റിപ്പോർട്ട്.
കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്‍റെ ഒരുഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമോരുക്കിയായിരിക്കും സമരം നടത്തുക.
ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിന് എതിരെയായിരുന്നു ജോജു ജോര്‍ജിന്‍റെ പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്‍റെ കാര്‍ തകര്‍ത്തു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോജുവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.