കൊച്ചി: ഹൈകോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകരുടെ കൈയേറ്റ ഭീഷണി. കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട്ട സംഘം തടയുകയും ഇറങ്ങിപ്പോയില്ലെങ്കിൽ അടിച്ച് ഒാടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേരത്തെ ഹൈകോടതിയിൽ ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിന് കാരണക്കാർ എന്ന് അഭിഭാഷകർ വിശേഷിപ്പിച്ച മാധ്യമപ്രവർത്തകരെ കോടതി റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും കൈയ്യേറ്റ ശ്രമമുണ്ടായത്.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിെൻറയും അഭിഭാഷക –മാധ്യമ സംഘടനകളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മീഡിയാ റൂം തുറക്കില്ലെന്നും എന്നാൽ അഭിഭാഷകർക്ക് വാർത്ത റിപ്പോർട്ട് ചെയ്യാമെന്നുമുളള തീരുമാനത്തിലെത്തിയിരുന്നു. ഇതെ തുടർന്നാണ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകർ കോടതിയിലെത്തിയത്.
കോടതിക്ക് മുന്നിൽ അഭിഭാഷകർ വീണ്ടും കൈയേറ്റശ്രമത്തിന് മുതിർന്നത് കോർട്ട് ഒാഫീസർ ചീഫ് ജസ്റ്റിന് മുമ്പാകെ അറിയിക്കുകയും തുടർന്ന് ചീഫ് ജസ്റ്റിസ് രജിസ്ട്രാർക്ക് പരാതി നൽകാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. പരാതിയുമായി രജിസ്ട്രാറുടെ മുന്നിലെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ വീണ്ടും സംഘടിച്ചെത്തി. പരാതി നൽകിയവർ പുറത്തിറങ്ങാനും ധൈര്യം കാണിക്കണമെന്ന് അഭിഭാഷകർ വെല്ലുവിളിച്ചു. കോടതി പരിസരത്തെ സംഘർഷമൊഴിവാക്കാൻ പൊലീസ് സുരക്ഷയോടെ മാധ്യമപ്രവർത്തകരെ പുറത്തെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.