തൃശൂർ: കാലാവസ്ഥ വ്യതിയാന നാളുകളിൽ കാലവർഷത്തിന്റെ ആദ്യപാദത്തിൽ മഴ കുറയുന്നെന്ന നിരീക്ഷണം കൂടുതൽ ശരിവെച്ച് ഇത്തവണയും ജൂണിൽ മഴക്കമ്മി. 2019 ജൂണിൽ 650 മില്ലിമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം 350 മി.മീ. മഴയാണ് ലഭിച്ചത്.
2020 ജൂണിൽ 643ന് പകരം ലഭിച്ചത് 536 മി.മീ. മഴയാണ്. 2021ൽ 643ന് പകരം 408.4 മി.മീ. മഴയാണ് ലഭിച്ചത്. 36 ശതമാനം മഴക്കമ്മിയാണ് കഴിഞ്ഞ വർഷം മൺസൂൺ ആദ്യമാസത്തിൽ ലഭിച്ചത്. ഈ വർഷം ജൂൺ 22 ദിവസം പിന്നിടുമ്പോൾ 58 ശതമാനം മഴക്കമ്മിയാണ് നിലവിലുള്ളത്. കൂടുതൽ മഴ ലഭിക്കേണ്ട തിരുവാതിര ഞാറ്റുവേലയും ഇടവപ്പാതിയുമൊക്കെ കേരളത്തിന് അന്യമാവുന്ന സാഹചര്യമാണ് തുടർച്ചയായ വർഷങ്ങളിൽ അനുഭവിക്കുന്നത്. ഇക്കുറി മേയ് 29ന് നേരത്തേ കാലവർഷം എത്തിയതും അനൂകൂല ഘടകമായില്ല. ഒപ്പം കാലവർഷത്തിന്റെ രൂപ, ഭാവ, സ്വഭാവ, പ്രകൃതമാറ്റം പ്രതിദിനം കൂടുതൽ പ്രകടമാവുകയാണ്. കാലവർഷത്തിൽ അന്യമായ ഇടിയും മിന്നലും ശക്തമായി നിലവിൽ മഴക്കൊപ്പമുണ്ട്. മഴമേഘങ്ങൾ രൂപാന്തരം പ്രാപിച്ച് കൂമ്പാരമഴമേഘങ്ങളായി പെയ്യുന്നു. മൺസൂൺ പാത്തിയും ന്യൂനമർദപാത്തിയും ദുർബലമായി തുടരുന്നതും കാര്യങ്ങൾ മഴാനുകൂലമല്ലാതാകുന്നുണ്ട്. പടിഞ്ഞാറൻ കാറ്റുകളുടെ തള്ളിന് അത്രമേൽ ശക്തിയുമില്ല.
വടക്കൻ കേരളത്തിൽ തീരെ മഴയില്ല. തെക്കൻ കേരളത്തിലുമില്ല അധിക മഴ. കുറച്ചെങ്കിലും മഴ ലഭിക്കുന്നത് മധ്യകേരളത്തിലാണ്. മൺസൂൺ ദുർബലമായത് മഴയെ ആശ്രയിച്ചു നടക്കുന്ന കാർഷികവൃത്തിയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കാർഷിക കലണ്ടർ അടക്കം അട്ടിമറിക്കപ്പെടുകയാണ്. പാലക്കാട് ജില്ലയിൽ ജൂണിൽ കൃഷിക്ക് ജലസേചനത്തെ ആശ്രയിക്കുന്ന ഗതികേടുകൂടിയുണ്ട്. ജൂലൈയിലും സമാനമായ മഴക്കമ്മിതന്നെയാണ് പ്രതീക്ഷിക്കുന്നത്.
അന്തരീക്ഷത്തിലെ പ്രതിഭാസങ്ങൾ, കടലിലെ മാറ്റങ്ങൾ അടക്കം കാലാവസ്ഥവ്യതിയാന പ്രശ്നങ്ങൾ അതിരൂക്ഷമാണ്. രണ്ടാം പാദത്തിൽ കനത്തമഴ ലഭിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ നാലു വർഷങ്ങളിലുള്ളത്. കാലാവസ്ഥപ്രതിഭാസങ്ങൾ അതിതീവ്ര സ്വഭാവം പ്രകടിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ്.
കേരളത്തിൽ മൺസൂൺ ദുർബലമായി തുടരുമ്പോൾ ദേശീയതലത്തിൽ ശരാശരി മഴയാണ് ലഭിച്ചത്. 99ന് പകരം 98.5 മി.മീ. മഴയാണ് ദേശീയതലത്തിൽ ലഭിച്ചത്. ജൂലൈ എട്ടോടെ കാലവർഷം രാജ്യത്താകെ വ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.