െകാച്ചി: അഴിമതി നടത്തുന്നതല്ല അത് വിളിച്ചു പറയുന്നതാണ് കുറ്റമെന്നാണ് പലരുടെയും കാഴ്ചപ്പാടെന്ന് ജസ്റ്റിസ് െകമാൽ പാഷ. അഴിമതി നടന്നാലും സ്ഥാപനത്തിെൻറ അന്തസ്സിനെ കരുതി അത് മൂടിവെക്കണമെന്നാണ് ഇവരുടെ നിലപാട്. തെറ്റായ കാര്യങ്ങൾ ഉണ്ടാകുന്നത് മൂലമാണ് സ്ഥാപനത്തിെൻറ അന്തസ്സ് നഷ്ടമാകുന്നതെന്ന് ഒാർക്കണം. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എംപ്ലോയീസ് ആന്‍ഡ് റിട്ട. എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷെൻറ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ. പണ്ട് അഴിമതി കാണിക്കുന്നത് സമൂഹത്തിനു മുന്നില്‍ വലിയ അധിക്ഷേപമായിരുന്നു. എന്നാല്‍, ഇന്നു കോടികളുടെ അഴിമതി നടത്തുന്നവർ ഹീറോ ആകുന്നു. അവരെ ക്ഷണിച്ചുകൊണ്ടുപോയി ആദരിക്കുന്നു.
സമൂഹം വികസിക്കണമെങ്കില്‍ പുതിയ ആശയങ്ങള്‍ വരണം. നിര്‍ഭാഗ്യവശാല്‍ ഇന്ന് പുതിയ ആശയങ്ങള്‍ ഉണ്ടാകുന്നില്ല. ആശയ ദാരിദ്ര്യത്തിന് കാരണം ധൈര്യമില്ലായ്മയാണ്. പുതിയ ആശയങ്ങള്‍ കൊണ്ടു വരുന്നവരെ ചെളി വാരിയെറിയുന്നു. നമ്മുടെ ജാതി സംസ്‌കാരം മാറേണ്ടിയിരിക്കുന്നു. മുമ്പ് ജാതി പറയാന്‍ ആളുകള്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഇന്നു ജാതി ചോദിക്കുകയും വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇൗ അവസ്ഥയിൽ ശ്രീനാരായണഗുരുവും, സഹോദരൻ അയ്യപ്പനുമൊക്കെ ഒന്നു കൂടി ജനിച്ച് ജീവിക്കാൻ ആഗ്രഹിച്ചു പോകുകയാണ്.
കോട്ടയത്തു സംഭവിച്ചതുപോലുള്ള ദുരഭിമാനക്കൊലയും മറ്റും പണ്ടും ഉണ്ടായിരുന്നു. അതൊക്കെ തിരിച്ചുവരികയാണ്. ഇന്നു പ്രേമിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡൻറ് കെ. ആര്‍. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാമുവല്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപിനാഥ് കരുപ്പാളി, കെ.ജെ. സേവ്യര്‍ ലാല്‍, കെ. ആര്‍. പുഷ്പാധരന്‍, ജിബിന്‍ വര്‍ഗീസ്, വി. എസ്. ഷിജുമോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.