പാലക്കാട്: അഞ്ചു വർഷത്തിലേറെയായി സംസ്ഥാന സർക്കാർ ഗ്രാന്റ് ലഭിക്കാതെ 126 മുസ്ലിം ഓർഫനേജുകൾ. ബാലനീതി നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെ പേരിലാണ് സംഘടനയുമായി ബന്ധപ്പെട്ട യതീംഖാനകൾക്ക് ഗ്രാന്റ് തടയുന്നത്. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് ഇവക്ക് സർക്കാർ ആനുകൂല്യം നിഷേധിക്കുന്നത്.
ഓർഫനേജുകൾക്ക് ദോഷകരമായ, ബാലനീതി നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് 2018ലാണ് സമസ്ത സുപ്രീംകോടതിയെ സമീപിച്ചത്. അന്തിമ വിധി വരുന്നതുവരെ കേരളത്തിലെ 126 ഓർഫനേജുകൾക്കെതിരെ സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള നിയമനടപടിയും ഉണ്ടാവരുതെന്ന് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഓർഫനേജുകൾക്ക് അവകാശപ്പെട്ട ഗ്രാന്റ് പുനഃസ്ഥാപിക്കാൻ സർക്കാർ തയാറായിട്ടില്ല. ബാലനീതി നിയമം നിർവചിക്കുന്ന കുട്ടിയും ഓർഫനേജിലെ അനാഥയും വ്യത്യാസമുണ്ടെന്നും മുസ്ലിം ഓർഫനേജുകൾ ഭൂരിഭാഗവും വഖഫ് ആയതിനാൽ വഖഫ് തന്നയാളുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കാൻ മാത്രമേ പറ്റുകയുള്ളൂവെന്നുമാണ് സമസ്തയുടെ വാദം. യതീംഖാനകളെല്ലാം കേന്ദ്ര വഖഫ് നിയമത്താലും സംസ്ഥാന വഖഫ് ബോർഡുകൾക്ക് കീഴിലും പ്രവർത്തിക്കുന്നതായതിനാൽ വഖഫ് നിയമങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് ബാധകമാണെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. ഓർഫനേജുകളിലെ ഓരോ കുട്ടിക്കും പ്രതിമാസം 1100 രൂപയാണ് സർക്കാർ ഗ്രാന്റ്.
സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായിട്ടും ഓർഫനേജുകൾക്ക് ഗ്രാന്റ് നിഷേധിക്കുന്നത് അനീതിയാണെന്ന് മുസ്ലിം ഓർഫനേജസ് കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.വി. സൈനുദ്ദീൻ പറയുന്നു. നിലവിൽ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കുതന്നെ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗ്രാന്റ് വൈകിപ്പിക്കുന്ന സ്ഥിതിവിശേഷവും നിലനിൽക്കുകയാണ്. ആറും ഏഴും മാസം കഴിഞ്ഞാണ് തുക നൽകുന്നത്.
അനാഥാലയങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങളും സർക്കാർ വെച്ചുതാമസിപ്പിക്കുന്നു. അനാഥാലയങ്ങളിലെ വിദ്യാർഥികൾക്കായി ജില്ലതലത്തിൽ ഓർഫനേജ് ഫെസ്റ്റ് എന്ന പേരിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. കോവിഡ്കാലത്ത് നിർത്തിവെച്ച ഈ ഫെസ്റ്റ് പുനരാരംഭിക്കാൻ സർക്കാർ തയാറായിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇതിനും കാരണമായി പറയുന്നത്. അനാഥക്കുട്ടികളുടെ കലാകായിക മികവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമാകുന്നതെന്ന് അഡ്വ. പി.വി. സൈനുദ്ദീൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.