ഇന്ത്യയിലെ കാണ്ടാമൃഗങ്ങൾ ഭക്ഷണം കഴിക്കുന്നില്ല, തങ്ങളെക്കാൾ തൊലിക്കട്ടിയുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടല്ലോ എന്ന സങ്കടം കൊണ്ട് -കെ. മുരളീധരൻ

പാലക്കാട്: പിണറായി എന്ന് ഭരണം തുടങ്ങിയോ അന്ന് മുതൽ പിണറായിക്ക് ചാകരയാണെന്നും കേരളം ദുരിതങ്ങളുടെ കലവറയായി മാറിയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവെയാണ് സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ മുരളീധരൻ രൂക്ഷ വിമർശനം നടത്തിയത്.

'പ്രകൃതി പോലും നിങ്ങളോട് ക്ഷോഭിച്ചു. തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം ഭക്ഷണം കഴിക്കുന്നില്ലെന്നും കാരണം എന്നെക്കാൾ തൊലിക്കട്ടി കെ.എം മാണിക്ക് ഉണ്ടെന്ന് പറഞ്ഞാണ് ഭക്ഷണം കഴിക്കാത്തതെന്നുമാണ് കോടിയേരി ബാലകൃഷ്ണൻ മുമ്പ് പറഞ്ഞത്. ഇന്ത്യയിലുള്ള എല്ലാ കാണ്ടാമൃഗങ്ങൾ ഇപ്പോൾ ഭക്ഷണം കഴിക്കുന്നില്ല. കാരണം, തെരഞ്ഞെടുപ്പിൽ നേട്ടം പറഞ്ഞ് പിണറായി വോട്ട് ചോദിക്കുന്നു. തങ്ങളെക്കാൾ തൊലിക്കട്ടിയുള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടല്ലോ എന്ന സങ്കടം കൊണ്ടാണ് കാണ്ടാമൃഗങ്ങൾ ഭക്ഷണം കഴിക്കാത്തത്.

മര്യാദക്ക് ഒരു ഓണം ആഘോഷിച്ചിട്ട് കാലമേറയായി. ഇത് വന്ന അന്ന് പ്രളയം, വീണ്ടും പ്രളയം. അത് കഴിഞ്ഞ് കോവിഡ്, കോവിഡ് കഴിഞ്ഞപ്പോൾ നിപ്പ. വവ്വാലാണ് രോഗം പടർത്തുന്നത്. കേരളത്തിൽ കെ. കരുണാകരനും എ.കെ ആന്‍റണിയും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നു. അന്ന് നാട്ടിൽ വവ്വാൽ ഉണ്ടായിരുന്നില്ലേ?. ഇവരാരെങ്കിലും അന്ന് കുഴപ്പം ഉണ്ടാക്കിയോ. എന്നേക്കാൾ വിഷമുള്ളവനല്ലേ കേരളം ഭരിക്കുന്നതെന്നാണ് വവ്വാൽ ചോദിക്കുന്നത്. പിന്നെ ഞാൻ എന്തിനാണ് എന്‍റെ വിഷം പുറത്തെടുക്കാതിരിക്കുന്നത്. വവ്വാലും തുടങ്ങി' -മുരളീധരൻ പറഞ്ഞു.

മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാറിനെയും മന്ത്രി അബ്ദുറഹ്മാനെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു. മന്ത്രി അബ്ദുറഹ്മാൻ അനാവശ്യ പ്രസ്താവനയാണ് നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  മന്ത്രിയുടെ അനാവശ്യ പരാമർശമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ക്ഷോഭിച്ച് സംസാരിക്കാൻ ഇടയാക്കിയത്. രണ്ട് സമുദായങ്ങളുടെ ഇടയിൽ അഭിപ്രായ വ്യത്യാസം വന്നാൽ അത് പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.

മുനമ്പത്ത് താമസിക്കുന്ന ജനങ്ങൾക്കൊപ്പമാണെന്ന് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവന ഒരു വഖഫ് ബോർഡ് അംഗവും നടത്തിയിട്ടില്ല. എന്തു കൊണ്ടാണ് സർക്കാർ വിഷയം പരിഹരിക്കാത്തതെന്നും മുരളീധരൻ ചോദിച്ചു.

രണ്ട് സമുദായങ്ങളെ തമ്മിൽ അകറ്റി മുതലെടുപ്പ് നടത്തുകയാണ്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും ചെയ്യുന്നത്. മുനമ്പം വിഷയത്തിൽ സർവകക്ഷി ഉന്നതതല യോഗം നവംബർ 28ലാക്ക് മാറ്റിയത് എന്തിനാണെന്ന് മുരളീധരൻ ചോദിച്ചു.

പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് വേണ്ടെന്നും നോട്ട് മതിയെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി അപ്രസക്തമായി കൊണ്ടിരിക്കുന്നു. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും മുരളീധരൻ പറഞ്ഞു. പാലക്കാട് വോട്ട് തേടുന്നത് വ്യക്തിക്കല്ല, യു.ഡി.എഫിനും കൈപ്പത്തിക്കുമാണ്. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Muraleedharan attack to Pinarayi Vijayan and LDF Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.