തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. പിണറായി വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മുഖ്യമന്ത്രിയാണെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ, കെ. കരുണാകരൻ വാഗ്ദാനം നടപ്പാക്കിയ മുഖ്യമന്ത്രിയാണെന്നും മുരളീധരൻ വ്യക്തമാക്കി.
നിലക്കൽ പള്ളി വിഷയത്തിൽ ആർ.എസ്.എസ് കേരളത്തിൽ കുഴപ്പം സൃഷ്ടിക്കാൻ നോക്കിയതാണ്. ആർ.എസ്.എസ് നീക്കം ഒരിടത്തും ചെലവായില്ല. ഈ വിഷയം കരുണാകരൻ നേരിട്ടാണ് കൈകാര്യം ചെയ്തതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പിണറായി ഇപ്പോൾ ഒരോ സംഘങ്ങളെ അയച്ച് വാഗ്ദാനങ്ങൾ കൊടുക്കുകയാണ് ചെയ്യുന്നത്. അതിന് ശേഷം അവരെ പറ്റിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോയ കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നാണ് തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ശില്പശാലയിൽ കെ. മുരളീധരന് കഴിഞ്ഞ ദിവസം പറഞ്ഞത്. ജാതി-മത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്കുണ്ടെന്നും മുരളീധരന് പറഞ്ഞിരുന്നു.
എന്നാൽ, മുരളീധരന്‍റെ പരാമർശങ്ങളോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പാർട്ടി യോഗത്തിൽ സംഘടനാ കാര്യങ്ങൾ പറയുമ്പോൾ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് വ്യക്തമാക്കി. സംഘടനാ ക്ലാസുകൾ നടക്കുന്ന യോഗത്തിൽ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാർട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാൻ എന്ത് ചെയ്യാമെന്നും ചർച്ച ചെയ്യാറുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.