ന്യൂഡൽഹി: അനുമതിയില്ലാതെ കെ. റെയിലിന് കല്ലിട്ട സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. തട്ടിക്കൂട്ടിയ ഡി.പി.ആർ ആണെന്ന് പ്രതിപക്ഷം പറഞ്ഞത് കേന്ദ്ര സർക്കാർ ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അനുമതിയില്ലാതെയാണ് കല്ലിടുന്നതെന്ന് പ്രതിപക്ഷം ആദ്യം മുതൽ പറഞ്ഞിരുന്നു. സർവേ കല്ലുകൾ പിഴുതെറിയുമെന്ന് പ്രതിപക്ഷം പറഞ്ഞത് യാഥാർഥ്യമായെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കെ. റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
പദ്ധതി റിപ്പോർട്ടിൽ സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ല. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം.
പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.